ആറ്റിങ്ങൽ: ആലംകോട് മത്സ്യ മാർക്കറ്റ് അവഗണനയിൽ. രാത്രി 11 മണി മുതൽ ഉണർന്നു പ്രവർത്തിക്കുന്ന ജില്ലയിലെ മത്സ്യ മാർക്കറ്റാണിത്. ഇവിടെ മത്സ്യം നിറച്ച വലിയ ലോറികൾ ഊഴം കാത്തു കിടക്കുന്നത് നിത്യ കാഴ്ചയാണ്. ചന്തയ്ക്കുള്ളിലും ദേശീയപാതയിലും കടയ്ക്കാവൂർ റോഡിലും വെളുപ്പിന് അഞ്ചുവരെ തിരക്കോട് തിരക്കാണ്. അന്യ സംസ്ഥാനക്കാരായ ലോറി തൊഴിലാളികളും വിവിധ ജില്ലകളിൽ നിന്ന് മത്സ്യം എടുക്കാൻ വരുന്ന ചെറുകിട കച്ചവടക്കാരും നിറയുന്ന കേന്ദ്രമാണിത്.
കൊവിഡ് കാലത്തിനുമുൻപ് വെളുപ്പിന് രണ്ട് മണി മുതലായിരുന്നു കച്ചവടം. തിരക്കൊഴിവാക്കാനാണ് കച്ചവടത്തിന്റെ സമയം നീട്ടിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നും ചെറുകിട കച്ചവടക്കാരാണ് മത്സ്യം വാങ്ങാൻ എത്തുന്നത്.
മാലിന്യങ്ങൾ യഥാസമയം നീക്കാൻ സൗകര്യം ഇല്ലെന്നതാണ് മറ്റൊരു പ്രശ്നം. മാർക്കറ്റിന്റെ ഒരു മൂലയിൽ ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. മാർക്കറ്റ് ശുചീകരിക്കാൻ നഗരസഭ ജീവനക്കാരെ നിയമിച്ചിട്ടില്ല. മലിനജലം ശുദ്ധീകരിക്കാൻ സ്ഥാപിച്ച പ്ലാന്റ് പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളാകുന്നു. നഗരസഭ നിർമ്മിച്ച കെട്ടിടം കാലപ്പഴക്കം കൊണ്ട് പൊളിഞ്ഞു വീണുകൊണ്ടിരിക്കുകയാണ്. ചോർന്നൊലിക്കുന്ന മേൽക്കൂരയും പൊട്ടിപ്പൊളിഞ്ഞ ഭിത്തിയുമാണ് കൊട്ടിടങ്ങൾക്കുള്ളത്.