തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വിട്ടുവീഴ്ചയില്ലാതെ നേരിടുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബലാത്സംഗ, പോക്‌സോ കേസുകൾ വേഗത്തിലാക്കാൻ സ്ഥാപിച്ച അഞ്ച് പുതിയ ഫാസ്റ്റ് ട്രാക്ക് കോടതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 28 ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള നിർദേശമാണ് സർക്കാർ രൂപപ്പെടുത്തിയത്. സംസ്ഥാന സർക്കാരിന്റെ അംഗീകാരവും നിർദേശവും ലഭിച്ചതോടെ പുതിയ കോടതികൾ എവിടെയാകണമെന്ന് ഹൈക്കോടതി കണ്ടെത്തുകയായിരുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, കേസുകളുടെ എണ്ണം, എത്തിച്ചേരാനുള്ള സൗകര്യം, അടിസ്ഥാനസൗകര്യ ലഭ്യത തുടങ്ങിയവ പരിഗണിച്ചാണ് സ്ഥലങ്ങൾ നിശ്ചയിച്ചത്. കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവും ചെലവഴിച്ചാണ് കോടതികൾ സ്ഥാപിച്ചത്. നെയ്യാറ്റിൻകര, ആലുവ, തിരൂർ, മഞ്ചേരി, ഹോസ്ദുർഗ് എന്നിവിടങ്ങളിലാണ് പുതുതായി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികൾ ആരംഭിച്ചത്. 17 കോടതികൾ നേരത്തെ ആരംഭിച്ചിരുന്നു.