വർക്കല: വർഷങ്ങളോളം ജീർണാവസ്ഥയിലായിരുന്ന വർക്കല നഗരസഭയുടെ ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ടൗൺ ഹാൾ പുതുമോടിയോടെ പ്രവർത്തന സജ്ജമാകുന്നു. ബലക്ഷയത്താൽ തകർച്ചാ ഭീഷണിയിലായിരുന്ന ടൗൺഹാളിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
നഗരസഭയുടെ ഏറ്റവും വലിയ ആസ്തിയായ ടൗൺ ഹാൾ കാലപ്പഴക്കവും അറ്റകുറ്റപ്പണികൾ നടത്താത്തതും കാരണം ജീർണാവസ്ഥയിലായിരുന്നു. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നും സ്റ്റേജുൾപ്പെടെ ഹാളിന്റെ പലഭാഗവും ചോർന്നൊലിക്കുന്ന നിലയിലുമായിരുന്നു. ഇപ്പോൾ ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റി അലുമിനീയം ഷീറ്റ് പാകി മേൽക്കൂര ബലപ്പെടുത്തിയിട്ടുണ്ട്.
വർഷാവർഷം നഗരസഭ ബഡ്ജറ്റിൽ ടൗൺഹാൾ നവീകരണത്തിന് കോടികളാണ് വകയിരുത്താറുള്ളത്. എന്നാൽ പദ്ധതികളൊന്നും ലക്ഷ്യം കണ്ടിരുന്നില്ല. ഇടക്കാലത്ത് ഹാൾ പൊളിച്ചുനീക്കുന്നതിനെക്കുറിച്ചു പോലും ആലോചനകൾ നടന്നിരുന്നു.
നിരവധി പ്രാവശ്യം വർക്കല ടൗൺഹാളിന്റെ ശോചനീയാവസ്ഥയെ സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് നടപടികൾ വേഗത്തിലായത്. ഒക്ടോബർ 16ന് നവീകരണത്തിന് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചു.
സ്റ്റേജിലെ പരിപാടികൾ എല്ലാവർക്കും തടസമില്ലാതെ കാണാവുന്ന രീതിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്.
വിവാഹം, സാംസ്‌കാരിക പരിപാടികൾ, രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും യോഗങ്ങൾ എന്നിവയ്‌ക്കെല്ലാം ഹാൾ ഉപയോഗിച്ചിരുന്നു. ശബ്ദസംവിധാനത്തിലെ പിഴവുകളും മുഴക്കവും ഹാളിൽ സാംസ്‌കാരിക പരിപാടികൾ നടത്തുന്നതിന് തടസമായി. പിന്നീട് ചുവരിൽ കയർ മാറ്റ് സ്ഥാപിച്ചായിരുന്നു താത്കാലിക പരിഹാരം കണ്ടത്. ഹാളിലേക്കുള്ള കവാടം റോഡിനെക്കാൾ താഴ്ന്നതായതിനാൽ മഴപെയ്താൽ വെള്ളം ഹാളിനകത്തെത്തുമായിരുന്നു.
നിലവിലെ എൽ.ഡി.എഫ് ഭരണ സമിതി മുൻകൈയെടുത്താണ് ടൗൺഹാൾ നവീകരിക്കുന്നതിന് നടപടി സ്വീകരിച്ചത്.