തിരുവനന്തപുരം: സിസ്റ്റർ അഭയക്കേസിലെ നിർണായക തെളിവാകേണ്ട തൊണ്ടിമുതലുകൾ നശിപ്പിച്ചത് ക്രെെം ബ്രാഞ്ച് ഡിവെെ.എസ്.പി കെ. സാമുവലിന്റെ നേതൃത്വത്തിലാണെന്ന് സി.ബി.എെ ഡിവെെ.എസ്.പി ദേവരാജൻ പ്രത്യേക സി.ബി.എെ കോടതിയിൽ മൊഴി നൽകി.
ക്രെെംബ്രാഞ്ച് ലോക്കൽ പൊലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത് ദിവസങ്ങൾക്കകം, ആർ.ഡി.ഒ കോടതിയെ സമീപിച്ച് തൊണ്ടി മുതലുകളായ സിസ്റ്റർ അഭയ മരിക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ, ചെരുപ്പ്,ശിരോവസ്ത്രം എന്നിവ മടക്കി വാങ്ങി. ഇതിനിടെ അഭയയുടെ സ്വകാര്യ ഡയറിയും കണ്ടെത്തിയിരുന്നു. അന്വേഷണം പൂർത്തിയാക്കി അഭയ ആത്മഹത്യ ചെയ്തതാണെന്ന അന്തിമ റിപ്പോർട്ട് ഫയൽ ചെയ്തശേഷം ഡയറി മാത്രം മടക്കി നൽകി ബാക്കിയുളളവ നശിപ്പിച്ച് കളയുകയുമായിരുന്നു. തുടർന്ന് തെളിവ് നശിപ്പിച്ച കുറ്റത്തിന് കെ.സാമുവലിനെയും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്.എെ വർഗീസിനെയും സി.ബി.എെ പ്രതിയാക്കിയിരുന്നു.