തിരുവനന്തപുരം: കടുവ ചാടിപ്പോയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ നിർദ്ദേശം. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കെ. രാജു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കടുവയെ ഇട്ടിരുന്ന കൂടിന്റെ കമ്പി പഴകിയതായിരുന്നുവെന്നും വലിയ അപകടമാണ് ഒഴിവായതെന്നും മന്ത്രി പറഞ്ഞു. കടുവയ്‌ക്ക് നിലവിൽ അവശത മാത്രമാണുള്ളത്. വയനാട് ടൈഗർ റെസ്‌ക്യൂ സെന്ററിന്റെ നിർമാണം പൂർത്തിയായാൽ കടുവയെ അവിടേക്ക് മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശനിയാഴ്ച ഉച്ചയോടെ നെയ്യാർ ലയൺ സഫാരി പാർക്കിൽ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ചാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. പാർക്കിൽ നിന്ന് കടുവ രക്ഷപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

ലയൺ സഫാരി പാർക്ക്

മന്ത്രി സന്ദർശിച്ചു

കാട്ടാക്കട: നെയ്യാർ ഡാമിലെ ലയൺ സഫാരിപാർക്ക് അത്യാധുനികരീതിയിൽ നവീകരിക്കാൻ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. വയനാടിൽ നിന്നും ലയൺ സഫാരി പാർക്കിൽ എത്തിച്ച കടുവ ചാടിപ്പോയതിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. നിലവിലുള്ള കൂടുകൾ ബലപ്പെടുത്താനും ആധുനിക രീതിയിൽ ചികിത്സ നൽകാൻ പറ്റിയ തരത്തിൽ ട്രീറ്റ്മെന്റ് കേജുകൾ ഉണ്ടാക്കാനും നടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സഫാരി പാർക്കിൽ സി.സി ടി വി കാമറകൾ സ്ഥാപിക്കാനും ഉയർന്ന ഉദ്യോഗസ്ഥർ ആഴ്ചയിലൊരിക്കലെത്തി പാർക്കിലെ സന്ദർശക രജിസ്റ്ററിൽ ഒപ്പുവയ്ക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ടെക്‌നിക്കൽ അസിസ്റ്റന്റ് അഞ്ജൻ കുമാർ, ഡി.എഫ്.ഒമാരായ പ്രദീപ്കുമാർ, ജെ.ആർ. അനിൽ, നെയ്യാർ ഡാം റേഞ്ച് ഓഫീസർ ജി. സന്ദീപ് കുമാർ, വനംവകുപ്പ് ഡോക്ടർ ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.