ss

കാസർകോട്: ബന്തിയോട്ടെ വെടിവെപ്പ് കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ബന്തിയോട് അട്ക്കം വീരനഗറിലെ ലത്തീഫ്(30), ബന്തിയോട്ടെ സാദു എന്ന സഹദ്(28) എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ ക്രിമിനൽ അടുക്കയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അമീർ എന്ന ടിക്കി അമ്മി(29)യെ കാസർകോട് ഡിവൈ. എസ് .പി പി. ബാലകൃഷ്ണൻ നായരും സംഘവും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തിൽ മൂന്ന് സംഭവങ്ങളിലായി 13 പേർക്കെതിരെയാണ് കേസ്. സംഭവത്തിൽ ഉൾപ്പെട്ട പത്തംഗസംഘത്തിനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അക്രമി സംഘത്തിന്റെ ബ്രെസ്സ കാറും മിനി ലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ട് വർഷം മുമ്പ് ഉപ്പള സോങ്കാൽ പുളിക്കുത്തിയിലെ അൽത്താഫിനെ കാറിൽ തട്ടിക്കൊണ്ടുപോയി കർണാടകയിൽവെച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ലത്തീഫെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ 8.30 മണിയോടെ ബ്രെസ്സ കാറിൽ അമീറിനെ തേടി മൊയ്തീൻ ഷബീറും സംഘവും അമീറിനെ അന്വേഷിച്ച് ബൈതലയിലെ വീട്ടിലെത്തിയിരുന്നു. മകൻ വീട്ടിലില്ലെന്ന് പറഞ്ഞ അമീറിന്റെ പിതാവ് ഷേക്കാലിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ട ആൾട്ടോ കാറിന് നേരെ വെടി ഉതിർത്തു.കാർ തകർത്താണ് സംഘം മടങ്ങിയത്. പിന്നീട് കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് പരാതി നൽകാനായി പോകുകയായിരുന്ന ഷേക്കാലിയും ഭാര്യയും സഞ്ചരിച്ച ബെലനോ കാറിൽ സംഘം സഞ്ചരിച്ച കാറിടിക്കുകയും ചെയ്തു. ഷേക്കാലിയുടെ പരാതിയിൽ മൊയ്തീൻ ഷബീർ, ലത്തീഫ്, ജായി, സഹദ്, ആരിക്കാടിയിലെ ഗുണ്ടു ഉസ്മാൻ, ടയർ ഫൈസൽ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാണ് കേസ്.

ഇതിനിെ കാർ തകർത്ത സംഭവം അറിഞ്ഞ് അമീറും സംഘവും മിനി ലോറിയിൽ പിന്തുടർന്ന് ബന്തിയോട് അട്ക്കയിൽ വച്ച് ഷബീറും സംഘവും സഞ്ചരിച്ച ബ്രെസ്സ കാറിൽ ഇടിച്ചു.ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചു. കാറിലുണ്ടായിരുന്ന സംഘം വടിവാൾ വീശുന്നതിനിടെ ലോറിയിലുണ്ടായിരുന്ന അമീറും സംഘവും രണ്ട് തവണ വെടിയുതിർത്തു. ഈ സംഭവത്തിൽ അമീർ, ഷബീർ, തളങ്കരയിലെ അച്ചു, സമദ്, ഉസ്മാൻ എന്നിവർക്കെതിരെ കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ പി. പ്രമോദ് കേസെടുത്തു. അച്ചു മൂന്ന് വർഷം മുമ്പ് പെർമുദെ മണ്ടെക്കാപ്പിലെ വ്യാപാരി രാമകൃഷ്ണനെ കടയിൽകയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. മൊയ്തീൻ ഷബീർ ഉപ്പളയിലെ അൽത്താഫിനെ കൊലപ്പെടുത്തിയ കേസിലെയും പ്രതിയാണ്.