തിരുവനന്തപുരം: എറണാകുളം ഇടപ്പള്ളിയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പി.ടി തോമസ് എം.എൽ.എക്കെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് സർക്കാർ അനുമതി. ഇതേതുടർന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന്റെ എറണാകുളം റേഞ്ച് എസ്.പിയെ ചുമതലപ്പെടുത്തി. ഇതു പരിശോധിച്ചാകും കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യം തീരുമാനിക്കുക.
കള്ളപ്പണ കൈമാറ്റം നടന്നുവെന്ന് വിജിലൻസിന് പരാതികൾ ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് ഡയറക്ടർ സർക്കാരിന് കത്ത് നൽകിയത്. അന്വേഷണത്തിന് സ്പീക്കറും അനുമതി നൽകിയിരുന്നു.
എറണാകുളം അഞ്ചുമനയിൽ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് നടന്ന നഷ്ടപരിഹാര ചർച്ചയും പണമിടപാടുമാണ് പരാതികൾക്ക് ഇടയാക്കിയത്.