തിരുവനന്തപുരം: പൊതുഭരണ വകുപ്പിലെ അസി. പ്രോട്ടോക്കോൾ ഓഫീസർ എ.പി രാജീവൻ പൊതുഭരണ വകുപ്പിന് കൈമാറിയ ഐഫോൺ വിജിലൻസിന് കൈമാറാൻ തീരുമാനം. വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ കരാർ ലഭിച്ച യൂണിടാക് നിർമ്മാണ കമ്പനിയുടമ സന്തോഷ് ഈപ്പൻ സ്വപ്ന വഴി കൈമാറിയതാണ് ഫോൺ. സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഫോണാണ് രാജീവന് ലഭിച്ചതെന്ന വിവരം പുറത്തായതോടെ അദ്ദേഹം ഫോൺ പൊതുഭരണ വകുപ്പിൽ ഏൽപ്പിച്ചിരുന്നു. രാജീവന് വ്യക്തിപരമായി ഫോൺ ലഭിച്ചതിൽ സർക്കാർ കക്ഷിയാവേണ്ട കാര്യമില്ലെന്ന് ചീഫ്സെക്രട്ടറി തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ഫോൺ വിജിലൻസിന് കൈമാറാൻ ധാരണയായത്. ഫോൺ ഇപ്പോൾ സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. സിം മാറ്റി, രേഖകളെല്ലാം മായ്ച്ചുകളഞ്ഞാണു രാജീവൻ ഫോൺ തിരികെ ഏൽപിച്ചത്.