തിരുവനന്തപുരം : മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതൽ ഗൗരവത്തോടെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 'മാസ്‌ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ' എന്ന പേരിൽ പുതിയ കാമ്പൈയിൻ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇക്കാര്യം ആധുനിക ആശയവിനിമയ സാദ്ധ്യതകൾ ഉപയോഗിച്ച് ജനങ്ങളിലേക്കെത്തിക്കും.
അതേസമയം രോഗവ്യാപനത്തിന്റെ പ്രതിവാര വർദ്ധന അഞ്ചു ശതമാനം കുറഞ്ഞു. ക്യുമുലേറ്റീവ് ഡബ്‌ളിംഗ് റേറ്റ് 40 ദിവസമായി വർദ്ധിച്ചു. രോഗവിമുക്തിയുടെ നിരക്കും വർദ്ധിച്ചിട്ടുണ്ട്. ഇതുവരെ മരണമടഞ്ഞവരിൽ 94 ശതമാനവും മറ്റു രോഗാവസ്ഥകൾ ഉള്ളവരായിരുന്നു. 72.3 ശതമാനം പേർ 60 വയസിനും മുകളിലുള്ളവരായിരുന്നു. രോഗബാധിതർക്കാവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും അതു ഫലപ്രദമായ രീതിയിൽ നടപ്പിലാക്കാനും സാധിച്ചതാണ് മരണസംഖ്യ കുറയാൻ കാരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.