pinarayi-vijayan

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമം നടപ്പാക്കാൻ ബാദ്ധ്യതപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികാരപരിധിക്കപ്പുറം നടത്തുന്ന ഇടപെടൽ ശരിയായ ദിശയിലുള്ളതാണോയെന്ന് ചർച്ച ചെയ്യപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം. ഇതു നടപ്പാക്കുന്നതിനപ്പുറമുള്ള അധികാരമൊന്നും ഇ.ഡിക്കില്ല.ഭരണഘടനയുടെ അവിഭാജ്യഘടകമായ നിർദ്ദേശകതത്വങ്ങൾ നടപ്പാക്കുന്നതിൽ കേന്ദ്രത്തെപ്പോലെ തുല്യ ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്കുമുണ്ട്. ഭൂരഹിതരും ഭവനരഹിതരുമായവർക്ക അടച്ചുറപ്പുള്ള ഭവനം നൽകാനുള്ള ലൈഫ് പദ്ധതി സുതാര്യമായ പ്രക്രിയയിലൂടെ കേരളം നടപ്പാക്കുന്നതാണ്. പദ്ധതിയുടെ വിജയത്തിനായി അശ്രാന്ത പരിശ്രമം നടത്തുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനുള്ള നീക്കം സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണമായി കാണാനാകില്ല.

അവധി ദിവസങ്ങൾക്ക് തൊട്ടുമുമ്പ് ലൈഫ് പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ രണ്ടാം തവണ സമൻസ് അയച്ച് വിളിച്ചുവരുത്തുകയും , എല്ലാ രേഖകളും ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നേരിട്ട് ഹാജരാക്കാനാവശ്യപ്പെടുകയും ചെയ്യുന്നത് നിരുത്തരവാദപരമാണ്. കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറലിനെ ചുമതലപ്പെടുത്തിയ ജോലി അന്വേഷണ ഏജൻസികൾ ചെയ്യേണ്ടതാണോ?കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരിന്റെ നയങ്ങളും പരിപാടിയും വിശകലനം ചെയ്യുന്ന ഉത്തരവാദിത്വമേറ്റെടുക്കുന്നത് അംഗീകരിക്കാനാകില്ല. സംസ്ഥാന സർക്കാരിനെ കുറ്റവാളിയെ എന്ന ദൃഷ്ടിയോടെ കാണുന്ന രീതി കൊളോണിയൽ സമീപനത്തിന്റെ അവശിഷ്ടമാണ്- മുഖ്യമന്ത്രി പറഞ്ഞു.

'കെ-ഫോൺ പദ്ധതി എന്തൊക്കെ സംഭവിച്ചാലും നടപ്പാക്കും'

സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് ലഭ്യമാക്കുന്ന കെ-ഫോൺ പദ്ധതി എന്തൊക്കെ സംഭവിച്ചാലും സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി..ജനങ്ങൾക്ക് ഏറെ നേട്ടമുണ്ടാക്കുന്ന പദ്ധതിക്ക് തുരങ്കം വയ്ക്കാനും,. അന്വേഷണ ഏജൻസികളിലൂടെ ഇത്തരത്തിൽ സർക്കാർ പ്രവർത്തനങ്ങൾക്ക് തടയിടാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. മനസ്സാക്ഷിയെ കോടതിക്ക് മുകളിൽ പ്രതിഷ്ഠിക്കുന്ന നയം തങ്ങൾക്കില്ല. ഭരണഘടനാപരമായ രീതികൾക്ക് മേൽ കക്ഷിരാഷ്ട്രീയത്തിന്റെ പരുന്ത് പറക്കുന്ന രീതി അനുവദിക്കില്ല. സ്വതന്ത്രമെന്ന മേലങ്കിയിട്ട ചില മാദ്ധ്യമങ്ങൾ ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നില്ലേ?... ഒരു ദിവസം പോലും ആയുസ്സില്ലാത്ത വാർത്തകളെ ആഘോഷമാക്കുന്നതിലൂടെ സർക്കാരിനെ കരിവാരിത്തേയ്ക്കാമെന്ന ധാരണയോ അങ്ങനെ സംഭവിക്കണമെന്ന ദുർമോഹമോ ആണവരെ നയിക്കുന്നത്. ആഘോഷിച്ച പല വാർത്തകളുടെയും പിന്നീടുള്ള സ്ഥിതിയെന്തായിയെന്ന ആത്മപരിശോധന മാദ്ധ്യമങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നതാവരുത് അന്വേഷണം

സ്വർണ്ണക്കടത്ത് കേസന്വേഷണം ആരംഭിച്ച ശേഷം ഇതാദ്യമായി, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ആസൂത്രിത നീക്കങ്ങൾക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളും അന്തസ്സത്തയും ക്രമാതീതമായി ലംഘിക്കപ്പെടുമ്പോൾ ചിലത് പറയാതെ പറ്റില്ലെന്ന മുഖവുരയോടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. . അന്വേഷണ ഏജൻസികൾ പൊതുവിൽ സ്വീകരിക്കേണ്ട പ്രൊഫഷണൽ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെടുകയും, ചിലരാഗ്രഹിക്കുന്ന വഴികളിലൂടെ നീങ്ങുകയും ചെയ്യുന്നു.സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളുയർന്നപ്പോൾ, രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന കുറ്റകൃത്യങ്ങളെപ്പറ്റി സമഗ്രവും ഏകോപിതവുമായ അന്വേഷണം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് സംസ്ഥാനസർക്കാരാണ്. അവർക്കാവശ്യമായ എല്ലാ സഹായസഹകരണങ്ങളും നൽകാമെന്നറിയിച്ചു. അന്വേഷണം നിയമപരമായ വഴികളിലൂടെ സഞ്ചരിക്കുമെന്ന ന്യായയുക്തമായ പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാൽ ഏജൻസികളുടെ ചില ഇടപെടലുകൾ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നോയെന്ന സംശയമുണർത്തുന്ന തരത്തിലായി. എന്തെങ്കിലും വെളിച്ചത്താകുമോയെന്ന ഭയമാണ് സംസ്ഥാനസർക്കാരിനെന്ന വ്യാപക പ്രചരണം അഴിച്ചു വിടുന്നതായി.

അന്വേഷണം ഏജൻസി സ്വകാര്യമായി നടത്തേണ്ടതാണെങ്കിലും ,ഏജൻസിക്ക് പുറത്തുള്ളവർ ഏജൻസി എങ്ങനെ പോകുന്നുവെന്ന് മാദ്ധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്ന സ്ഥിതിയായി. അതിനനുസരിച്ച് ഏജൻസികൾ നീങ്ങുന്നു. മൊഴികളിലെയും മറ്റും ഭാഗങ്ങൾ സെലക്ടീവായി ചോർന്ന് മാദ്ധ്യമങ്ങളിൽ വരുന്നു. . അന്വേഷണങ്ങൾ സത്യാവസ്ഥ കണ്ടെത്തുന്നതിനുള്ള തെളിവുശേഖരണമാണ്. അത് മുൻവിധിയുടെ അടിസ്ഥാനത്തിലാവുന്നത് ഏതന്വേഷണത്തിന്റെയും താളം തെറ്റിക്കും. ഇന്നയാളെയോ പ്രത്യേക വിഭാഗത്തെയോ പ്രതിസ്ഥാനത്തു നിറുത്തണമെന്ന ഉദ്ദേശത്തോടെ നടക്കുന്നതിനെ അന്വേഷണമെന്ന് വിശേഷിപ്പിക്കാനാകില്ല. അത് ദുരുപദിഷ്ട ലക്ഷ്യങ്ങളോടെയുള്ള മറ്റെന്തോ ആയി മാറും. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയും രാഷ്ട്രീയനേതൃത്വത്തെ കരിവാരിത്തേക്കുകയുമല്ല അന്വേഷണ ഏജൻസികൾ ചെയ്യേണ്ടത്. - മുഖ്യമന്ത്രി പറഞ്ഞു.

നിയമപരമായി ഇടപെടും

അന്വേഷണ ഏജൻസികളിൽ ചിലത് അധികാരപരിധി ലംഘിക്കുന്നത് അനുവദിക്കാനാവില്ലെന്നും , അതിനെതിരെ നിയമവ്യവസ്ഥയ്ക്കുള്ളിൽ നിന്ന് ആവശ്യമായ ഇടപെടൽ സർക്കാർ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഭരണഘടനാനുസൃതമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിന്റെ നയങ്ങളുടെയും തീരുമാനങ്ങൾ നടപ്പാക്കുന്നതിന്റെയും പരിശോധന അന്വേഷണ ഏജൻസി ഏറ്റെടുത്താലത് . ഭരണനിർവ്വഹണത്തിന്റെ തകർച്ചയാവും.സത്യവാചകം ചൊല്ലി ഒരാൾ നൽകുന്ന മൊഴി എവിടെ നിന്നാണ് ഇത്രയധികം മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്?

ഒരു പ്രത്യേക പ്രചരണത്തിന്റെ കാറ്റിനൊപ്പം നീങ്ങുന്ന രീതിയിലാണ് മൊഴികൾ മാദ്ധ്യമങ്ങളിൽ ഭാഗികമായി പ്രത്യക്ഷപ്പെടുന്നത്. ഇങ്ങനെ അന്വേഷണം നടത്തുന്ന ഏജൻസിയിൽ ജനങ്ങൾക്ക് വിശ്വാസമാണോ അവിശ്വാസമാണോ ഉണ്ടാകുക? . ഇങ്ങനെയൊരു അന്വേഷണരീതി പ്രതീക്ഷിച്ചല്ല സംസ്ഥാനസർക്കാർ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തതും ഇപ്പോഴും നൽകുന്നതും. സർക്കാരിന്റെ നിർവ്വഹണ അധികാരത്തിലേക്ക് കടന്നുകയറുകയാണ് ഏജൻസികളിൽ ചിലതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.