തിരുവനന്തപുരം: നഗരസഭാ തിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികൾക്ക് പുറമേ ഇത്തവണ ' വികസന മുന്നേറ്ര ' വും രംഗത്തുണ്ടാവും. വികസനത്തിന് വേണ്ടിയുള്ള സമ്മർദ്ദ ഗ്രൂപ്പായാണ് തങ്ങളുണ്ടാകുകയെന്ന് വികസന മുന്നേറ്രത്തിന് നേതൃത്വം നൽകുന്ന മുൻ ആസൂത്രണ ബോർഡ് അംഗം ജി. വിജയരാഘവൻ പറഞ്ഞു. തലസ്ഥാനത്തിന്റെ വികസനത്തെ ഇവിടെ ഭരിച്ച മുന്നണികൾ അവഗണിച്ചപ്പോൾ അത് തിരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റുകയാണ് തങ്ങൾ ചെയ്യുന്നത്. വിമാനത്താവള വികസനം, വിഴിഞ്ഞം തുറുമുഖം, കോവളം - കൊല്ലം ജലപാത, ലൈറ്ര് മെട്രോ , ടെക്നോ പാർക്ക് വികസനം, എഡ്യൂക്കേഷൻ ഹബ്ബ് തുടങ്ങി 25 ഓളം പദ്ധതികളാണ് പ്രധാന വികസന അജൻഡകളായി മുന്നേറ്രം തിരഞ്ഞെടുത്തത്. ഇവയ്ക്ക് അനുകൂലമായി നിലപാടെടുക്കുന്ന സ്ഥാനാർത്ഥികളെ നഗരസഭാ തിരഞ്ഞെടുപ്പിൽ സഹായിക്കുകയാണ് ലക്ഷ്യം.
30 സീറ്രുകളിൽ മത്സരം കടുക്കും
90,000 പേരാണ് സജീവമായി വികസന മുന്നേറ്രത്തിലുള്ളത്. ഇവരിൽ കൂടുതലും യുവാക്കളാണ്. കൂടുതൽ പേർക്കും കക്ഷിരാഷ്ട്രീയമില്ല. ഇവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി 1.8 ലക്ഷം മുതൽ 2 ലക്ഷം വരെ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയും. 35 വാർഡുകളിലാണ് അംഗങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. തങ്ങളുടെ അജൻഡ എഴുതി ഒപ്പിട്ട് നൽകുകയും പാർട്ടി തീരുമാനത്തിനതീതമായി വികസന അജൻഡയുടെ കൂടെ നിൽക്കുകയും ചെയ്യുന്ന സ്ഥാനാർത്ഥികളെയാണ് പിന്തുണയ്ക്കുക. ചിലർ സ്വതന്ത്രന്മാരായിരിക്കും. ഇതിൽ 10-12 പേരെങ്കിലും ജയിച്ചുവന്നാൽ രാഷ്ട്രീയത്തിന് അതീതമായി വികസനത്തിനുള്ള നടപടികൾ കൈക്കൊള്ളുന്നതിന് സമ്മർദ്ദ ഗ്രൂപ്പുണ്ടാകാം എന്നാണ് കണക്കുകൂട്ടൽ.
നടപടി ഉടൻ
സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് അന്തിമ രൂപമാകുമ്പോഴേ ആരെ പിന്തുണയ്‌ക്കണമെന്ന് പറയാൻ കഴിയൂ. എല്ലാ വാർഡിലും ഏകോപനത്തിന് പ്രവർത്തകരെ വയ്ക്കും. പൊതുജനത്തിന് വിളിക്കാൻ ടോൾ ഫ്രീ നമ്പർ തുടങ്ങും.
ആരുടെയും അജൻഡയല്ല
തങ്ങൾക്ക് വികസന അജൻഡ മാത്രമേയുള്ളൂ. വിമാനത്താവള വികസനം, വിദ്യാഭ്യാസ വികസനത്തിനായി സ്വകാര്യ സർവകലാശാലകളുടെ പങ്കാളിത്തം തുടങ്ങി ഒട്ടേറേ വിഷയങ്ങളിൽ എൽ.ഡി.എഫിന് തങ്ങളോട് യോജിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് ഞങ്ങൾ ബി.ജെ.പിയെ സഹായിക്കാനാണെന്ന് ചിലർ ആരോപിക്കുന്നു. ബി.ജെ.പി വിമാനത്താവളം ഉൾപ്പെടെയുള്ള വികസന വിഷയങ്ങളിൽ അനുകൂല സമീപനമാണ്. എന്നാൽ ഇതുവഴി സി.പി.എം വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകുമെന്നും അത് സി.പി.എമ്മിനെ സഹായിക്കാനാണെന്നും ചിലർ ആരോപിക്കുന്നു. മറ്രു ചിലരാകട്ടെ ഇതിലെ ചിലരുടെ പശ്ചാത്തലം വച്ചുകൊണ്ട് തങ്ങൾ യു.ഡി.എഫിന് വേണ്ടിയാണ് നിൽക്കുന്നതെന്നും ആരോപിക്കുന്നു. മുന്നണികൾ ഞങ്ങളുടെ വികസന അജൻഡ അംഗീകരിക്കട്ടെ. പിന്നെ ഞങ്ങൾക്കൊരു പ്രശ്‌നവുമില്ലെന്ന് വികസന മുന്നേറ്ര നേതാക്കൾ പറയുന്നു.