തിരുവനന്തപുരം : സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് കൊവിഡ് വാക്‌സിൻ പരീക്ഷണത്തിന് സർക്കാർ തയ്യാറെടുക്കുന്നു. വാക്‌സിൻ തയ്യാറാക്കുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ടിന് തൃശൂർ, തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രികളുടെ വിവരം കൈമാറി. ഇക്കാര്യത്തിൽ തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് വാക്‌സിൻ ട്രയലുകൾ ചെയ്യുന്നതിനായി റെഡ്ഡീസ് ലബോറട്ടറിയുമായി ബന്ധപ്പെട്ടെങ്കിലും അവർ ക്‌ളിനിക്കൽ ട്രയലുകൾ തുടങ്ങിയില്ലെന്ന് അറിയിച്ചു. ഭാരത്‌ബയോടെക്കിന്റെ കൊവാക്‌സിനും അന്തിമഘട്ടത്തിലാണ്. കൊവാക്‌സിന്റെ പരീക്ഷണം കേരളത്തിൽ നടക്കുമോയെന്ന് ഉറപ്പായിട്ടില്ല. വാക്‌സിൻ പരീക്ഷണത്തിന് സംവിധാനങ്ങൾ സജ്ജമാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ടാസ്‌ക് ഫോഴ്സ് സംസ്ഥാനത്ത് ഇതിനോടകം രൂപീകരിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഡഗേ, ദുരന്തനിവാരണ സെക്രട്ടറിയും സംസ്ഥാന റിലീഫ് കമ്മിഷണറുമായ എ.ജയതിലക്, സംസ്ഥാന റിലീഫ് കമ്മിഷണർ, പൊലീസ് മേധാവി ലോക്‌നാഥ് ബഹ്റ, എൻ.എച്ച്.എം ഡയറക്ടർ രത്തൻ ഖേൽക്കർ എന്നിവർ ഉൾപ്പെടുന്നതാണ് സംസ്ഥാനതല ടാസ്‌ക് ഫോഴ്സ്. ജില്ലാതലങ്ങളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ എന്നിവരടങ്ങിയ സംഘം പ്രവർത്തിക്കും.
വാക്‌സിൻ നൽകുന്നവരുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നത് ആരോഗ്യവകുപ്പാണ്. ആരോഗ്യപ്രവർത്തകർ, പൊലീസ്, ഫയർഫോഴ്‌സ് എന്നിവർക്ക് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകും. പ്രായം, ആരോഗ്യസ്ഥിതി, ജോലി എന്നിവ കണക്കിലെടുത്ത് ഏറ്റവും അപകടകരമായ നിലയിലുള്ളവർക്ക് ആദ്യം വാക്‌സിൻ നൽകണമെന്നും കേന്ദ്രനിർദേശമുണ്ട്.