palpu

തിരുവനന്തപുരം: ഡോ. പി. പല്പുവിന്റെ 157-ാം ജന്മദിനത്തോടനുബന്ധിച്ച് ഡോ. പി. പല്പു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം ഹൃദ്രോഗ വിദഗ്‌ദ്ധനും ഗവേഷകനുമായ ഡോ. ജി. വിജയരാഘവന് സമ്മാനിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ഫലകവും പ്രശസ്തിപത്രവും കാഷ് അവാർഡുമടങ്ങിയ പുരസ്‌കാരം പേട്ട ശ്രീനാരായണ ജന്മശതാബ്ദി സ്മാരകഹാളിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമ്മാനിച്ചത്. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ഭദ്രദീപം തെളിച്ചു. ഷൈലജ രവിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്‌കാര ജേതാവിനെ നിർണയിച്ചത്.

ചരിത്രത്തിലെ ഇരുണ്ടകാലത്തേക്ക് സമൂഹത്തെ തിരിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്ന ശക്തികളെയാണ് ഇന്ന് രാജ്യം നേരിടുന്നതെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. പ്രതിബന്ധങ്ങളെ അതിജീവിച്ച ചരിത്രമാണ് ഡോ. പി. പല്പുവിനുള്ളത്. വിശ്വാസവും ഭക്തിയും നാടിന്റെ നന്മയ്‌ക്ക് വേണ്ടിയാകണം. ശ്രീനാരായണ ഗുരു നമുക്ക് ജാതിയില്ലെന്ന് പറഞ്ഞത് അത് ഒാർമ്മിപ്പിക്കാനാണെന്നും മന്ത്രി പറഞ്ഞു.

കാലം മാറിയെങ്കിലും പാവങ്ങൾക്ക് നീതി കൈയെത്തുന്നതിനുമുപ്പറമെന്ന സ്ഥിതിക്ക് മാറ്റമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡോ. പല്പു സാമൂഹ്യനീതിക്ക് വേണ്ടിയാണ് പോരാടിയത്. എന്നാൽ അദ്ദേഹത്തിന്റെ നാട്ടിൽ വാളയാറിൽ ദളിത് പെൺകുട്ടികൾ പീഡനത്തിനിരയായി മരിച്ചിട്ടും നീതികിട്ടുന്നില്ല. ഇതിനെതിരായ ഒാർമ്മപ്പെടുത്തലാണ് പല്പുവിന്റെ ജയന്തിയെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലിലും പഠനത്തിലും സാമൂഹ്യസേവനത്തിലും എഴുത്തിലും തിളങ്ങിയ ബഹുമുഖപ്രതിഭയായിരുന്നു ഡോ. പല്പുവെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. പുതിയ തലമുറയ്ക്ക് അദ്ദേഹം എന്നും മാതൃകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഫൗണ്ടേഷൻ പ്രസിഡന്റ് കെ. സാംബശിവൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ്, ഡോ. വി.കെ. ജയകുമാർ, കൗൺസിലർ ഡി. അനിൽകുമാർ തുടങ്ങിയവർ ആശംസ നേർന്നു. അമ്പലത്തറ ചന്ദ്രബാബു സ്വാഗതവും സുഗതൻ നന്ദിയും പറഞ്ഞു.