തിരുവനന്തപുരം: യു.ഡി.എഫ് നേതാക്കൾക്ക് എതിരായ സോളർ കേസുകളിൽ നടപടി കടുപ്പിക്കാൻ നിയമോപദേശം തേടാനൊരുങ്ങുകയാണ് സർക്കാർ. കോൺഗ്രസ് നേതാവ് എ.പി. അനിൽകുമാറിന് എതിരായ കേസിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെ മറ്റുള്ളവർക്ക് എതിരായ കേസുകളുടെ സ്ഥിതിയും വിലയിരുത്തി. പീഡനപരാതി നിലനിൽക്കില്ലെങ്കിൽ സാമ്പത്തിക തട്ടിപ്പ് കുറ്റം നിലനിൽക്കുമോയെന്നാണ് പരിശോധന. സോളാർ വിവാദ നായികയുടെ പീഡന പരാതിയിൽ 7കേസുകളാണുള്ളത്. 2018, 2019 വർഷങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ തുടർനടപടി പറ്റില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ഡി.ജി.പി രാജേഷ് ദിവാനും എ.ഡി.ജി.പി അനിൽകാന്തും റിപ്പോർട്ട് നൽകിയിരുന്നു.
അതോടെ എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമുണ്ടാക്കി ഓരോ കേസും ഓരോ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. ഇതിനിടെയാണ് രണ്ടു ദിവസം മുൻപ് പരാതിക്കാരിയെ വിളിച്ചുവരുത്തി എ.പി. അനിൽകുമാറിനെതിരായ കേസിൽ മൊഴിയെടുത്തത്. ഇതോടെ എല്ലാ കേസിലും മൊഴിയെടുപ്പ് പൂർത്തിയായി. അതിന്റെ അടിസ്ഥാനത്തിൽ ആരോപണവിധേയരെ ചോദ്യം ചെയ്ത് മുന്നോട്ടു പോകാനാണ് നീക്കം. സാമ്പത്തിക തട്ടിപ്പിന് കേസെടുത്ത് വിജിലൻസിന് കൈമാറാനും ആലോചനയുണ്ട്.