തിരുവനന്തപുരം: ഫയലുകൾ ഭരണഭാഷയായ മലയാളത്തിൽ തന്നെ തയ്യാറാക്കാൻ വല്ലാ വകുപ്പ് സെക്രട്ടറിമാരും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മലയാളം ഉപയോഗിക്കാത്തവർക്കെതിരെ ആവശ്യമെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തുടർന്നാണ് നടപടി. ഇംഗ്ലീഷും മറ്റ് ഭാഷകളും ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യത്തിലൊഴികെ ഫയലുകൾ മലയാളത്തിൽ കൈകാര്യം ചെയ്യാനാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. മലയാളികളെ സംബന്ധിച്ച് സർക്കാർ ഓഫീസുകളിൽ നിന്നും കത്തും ഉത്തരവുകളും മലയാളത്തിൽ ലഭിക്കുകയെന്നത് ഭാഷാപരമായ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണരംഗത്ത് ഉപയോഗിക്കുന്ന 20,000 പദങ്ങളുടെ മലയാള രൂപം ചേർത്ത് ഭരണമലയാളം എന്ന ഓൺലൈൻ നിഘണ്ടുവും മൊബൈൽ ആപ്പും ഔദ്യോഗിക ഭാഷാ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.