തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നയാളെ പൊലീസ് പിടികൂടി. പള്ളിച്ചൽ ഹോമിയോ കോളേജിനു സമീപം മേപ്പള്ളിയൂർകോണത്തു ഹാജാ ഹുസൈനെയാണ് (22) മെഡിക്കൽകോളേജ് പൊലീസ് അറസ്റ്റുചെയ്‌തത്. മോഷ്ടിച്ചെടുത്ത വിലപിടിപ്പുള്ള 5 മൊബൈൽ ഫോണുകളും ഇയാളിൽ നിന്നു പിടിച്ചെടുത്തു. രോഗിയെപ്പോലെ കൈയിൽ ബാൻഡേജ് കെട്ടിയും കൂട്ടിരിപ്പുകാരനെന്ന വ്യാജേനെയും ആശുപത്രിയിൽ കറങ്ങിനടന്നാണ് ഇയാൾ മോഷണം നടത്തുന്നത്. മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടതായി പൊലീസിനു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പ്രത്യേക ടീമിനെ നിയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, അൻസാരി, എസ്.സി.പി ഒ ജ്യോതി, സി.പി.ഒമാരായ വിജിൻലാൽ, നൗഫൽ, രാജേഷ്, ശ്രീനിവാസൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.