pinaryi-

തിരുവനന്തപുരം: മാതൃഭാഷ പഠിക്കാതെ ബിരുദം വരെ നേടാവുന്ന ഏക സംസ്ഥാനമാണ് കേരളമെന്നും ഈ സ്ഥിതി മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് നിയമസഭയിലെ ഓൺലൈൻ പുസ്തക പ്രദർശനവും വെബിനാറും വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃഭാഷാ പഠനം ഉറപ്പ് വരുത്തുന്നതിനാണ് 2017ൽ മലയാളഭാഷാ പഠനനിയമം പാസാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭിയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷനായി. മന്ത്രി എ.കെ. ബാലൻ കവി ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. എം.എൽ.എമാർ ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു. നിയമസഭയുടെ ഉപഹാരം സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ ഏഴാച്ചേരി രാമചന്ദ്രന് നൽകി. ചടങ്ങിൽ ലൈബ്രറി അഡ്വൈസറി കമ്മിറ്റി ചെയർമാൻ മാണി സി. കാപ്പൻ എം.എൽ.എ സ്വാഗതവും നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.