aattinkood

വേളം: പതിമൂന്ന് വയസുകാരനായ വേളം പെരുവയലിലെ ആറോത്ത് പരേതനായ രാജീവന്റെയും മോളിയുടെയും മകൻ ആദിരാജിന് ആട്ടിൻകൂടൊരുക്കാൻ സഹായവുമായി എം.എൽ.എയും സംഘവുമെത്തി. തന്റെ ആടുകൾക്ക് വൈറസ് രോഗം പിടിപെട്ടപ്പോൾ എം.എൽ.എ.പാറക്കൽ അബ്ദുള്ള ആദിരാജിനെ കാണാൻ വീട്ടിൽ എത്തിയിരുന്നു. കുടുംബത്തിന്റെ ഉപജീവന മാർഗ്ഗമായ ആടുകൾക്ക് രോഗം വന്ന് എന്തെങ്കിലും സംഭവിച്ചാൽ കുടുംബം എങ്ങനെ മുന്നോട്ട് പോകും എന്ന് ആദിരാജ് എം.എൽ.എയോട് ചോദിച്ചിരുന്നു.

ചെറിയ പ്രായത്തിൽ അച്ഛനെ നഷ്ട്ടപ്പെട്ട ആദിരാജിന്റെ അതിജീവനത്തെ കുറിച്ചും ആറോളം ആടുകളെ സൗകര്യമില്ലാത്ത കൂട്ടിൽ വളർത്തുന്നതും വാർത്തയായിരുന്നു. സൗകര്യമുള്ള കൂടുണ്ടാക്കാനുള്ള പണം കൈവശമില്ലാത്തതും ആടുകളെ വളർത്താനുള്ള ആഗ്രഹവും ആദി രാജ് പങ്കുവച്ചിരുന്നു. ആദി രാജിന്റെ സ്വപ്നങ്ങളും കുടുംബത്തിന്റെ സ്ഥിതിയും ശ്രദ്ധയിൽപ്പെട്ട എം.എൽ.എ ബഹ്രൈൻ കെ.എം.സി.സി.യോട് ആഗ്രഹം നിറവേറ്റികൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. അഭ്യർത്ഥന സ്വീകരിച്ച കെ.എം.സി.സി. പ്രവർത്തകർ ധനസഹായം നൽകി. പാറക്കൽ അബ്ദുള്ള എം.എൽ.എ. ആദി രാജിന് ചെക്ക് കൈമാറി. ചടങ്ങിൽ ബഹ്രൈൻ കെ.എം.സി.സി. കുറ്റ്യാടി മണ്ഡലം സെക്രട്ടറി കാസിം കോട്ടപ്പള്ളി, ഉപാദ്ധ്യക്ഷൻ കരിം നെല്ലൂർ, എം.പി. ഷാജഹാൻ, ഇ.കെ. കാസിം, പി.കെ. ദാമോദരൻ, പി.പി. ദിനേശൻ, പി. ഷരീഫ്, പി. സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.