പാപ്പിനിശേരി: പുഴകളെ മാലിന്യമുക്തമാക്കി സംരക്ഷിക്കാനും അഴക് വീണ്ടെടുക്കാനും ജില്ലാപഞ്ചായത്ത് നടപ്പാക്കിയ അഴുക്കിൽ നിന്ന് അഴകിലേക്ക് പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം തികഞ്ഞിട്ടും വളപട്ടണം പുഴയുടെ അവസ്ഥ തഥൈവ. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 2017 ഡിസംബറിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പുഴകളെയും ജല സ്രോതസുകളെയും മാലിന്യം നിക്ഷേപിക്കാനുള്ള കേന്ദ്രമാക്കാൻ അനുവദിക്കില്ലെന്നും ജനകീയമായി ചെറുക്കുമെന്നും പ്രഖ്യാപിച്ചായിരുന്നു പദ്ധതി. ആദ്യഘട്ടത്തിൽ അഞ്ച് പുഴകളിലൂടെ പുഴയാത്രകളും നദിക്കരകളിലൂടെ പുഴ നടത്തവും സംഘടിപ്പിക്കും. ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതോടൊപ്പം മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ടാണ് ഈ യാത്രകൾ നടത്തുക. സംരക്ഷണത്തിന് പ്രത്യേക സംഘടനാ സംവിധാനമുണ്ടാക്കും. തീരങ്ങളിൽ മുളകൾ, ചണക്കൂവകൾ, കൈതച്ചെടികൾ തുടങ്ങിയവ വച്ച് പിടിപ്പിക്കുന്ന ഹരിതതീരം പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പാക്കും.
വിപുലമായ ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും എങ്ങുമെത്തിയില്ല. എന്നാൽ അഞ്ചരക്കണ്ടിപ്പുഴയെ ക്കുറിച്ച്
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹായത്തോടെ 1000 വോളണ്ടിയർമാർ നടത്തിയ ശാസ്ത്രീയ സർവ്വേയിൽ കണ്ടെത്തിയ കാര്യങ്ങൾ ക്രോഡീകരിച്ച് ജില്ലാ പഞ്ചായത്തിന് റിപ്പോർട്ട് തയ്യാറാക്കാൻ സാധിച്ചു. ഇ.പി. ജയരാജൻ ആയിരുന്നു റിപ്പോർട്ട് പ്രകാശനം ചെയ്തത്. എന്നാൽ മന്ത്രിയുടെ നാട്ടിൽ ഉദ്ഘാടനം ചെയ്ത പദ്ധതി എങ്ങുമെത്താതെ ഊർദ്ധശ്വാസം വലിക്കുകയാണ്. വളപട്ടണം പുഴ സംരക്ഷണത്തിന് ഇടങ്കോലിടുന്നത് ചില വ്യവസായികളാണെന്ന് ആക്ഷേപമുണ്ട്.