yell

പേരാവൂർ: റബ്ബർ മരങ്ങൾ വെട്ടിമാറ്റിയ അഞ്ചരയേക്കറിൽ വിജയകരമായി എള്ള് കൃഷി ചെയ്യുകയാണ് തില്ലങ്കേരിയിലെ ജൈവ കർഷകരായ ഷിംജിത്തും നന്ദകുമാറും. ഇവരുടെ കൃഷിസ്ഥലത്തിനടുത്തായി പ്രൊഫ. കെ.ജെ. ജോസഫിന്റെ റബ്ബർ വെട്ടിമാറ്റിയ ചെരിവുള്ള പ്രദേശത്ത് തികച്ചും ജൈവ രീതിയിലായിരുന്നു കൃഷി. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണം ഒപ്പമുണ്ടായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ നിലമൊരുക്കി. അരമീറ്റർ വീതിയിൽ ചെറിയ വരമ്പ് കോരിയാണ് വിത്തിട്ടത്. മണലും കോഴിവളവും മണ്ണിനോടൊപ്പം സംയോജിപ്പിച്ചു.ഇപ്പോൾ രണ്ടുമാസം പ്രായമായ ചെടികൾ വിളവെടുക്കാൻ ഇനി ഒരു മാസംകൂടി മതി.

എള്ള് പൂവിട്ടു തുടങ്ങിയപ്പോൾ പുഴുശല്യം തലവേദനയായിരുന്നു. ഇതോടൊപ്പം ജൈവകൃഷി തോട്ടമുണ്ടായിരുന്നതിനാൽ പല ജീവികളും പുഴുക്കളെ തിന്നാൻ എത്തി. രാവിലെ കൂട്ടമായെത്തുന്ന കിളികളും ഓന്തും മറ്റ് ചെറിയ ജീവികളുമാണ് പുഴുശല്യത്തിൽ നിന്നും കൃഷിയെ രക്ഷിച്ചതെന്ന് ഷിംജിത്ത് പറയുന്നു. പണ്ടു കാലത്ത് മിക്ക ജില്ലകളിലും കർഷകർ എള്ള് കൃഷി ചെയ്തിരുന്നു. വലിയ മുതൽ മുടക്ക് വേണ്ട എന്നതാണ് കർഷകരെ ഈ കൃഷിയിലേക്ക് ആകർഷിച്ചിരുന്നത്.

മുമ്പൊരിക്കൽ പരീക്ഷണാർത്ഥം ചെറിയ സ്ഥലത്ത് നടത്തിയ കൃഷി വിജയമായതാണ് ഇത്തവണ അഞ്ചര ഏക്കറിൽ കൃഷി ചെയ്യാനുള്ള ഒരു കാരണം. തില്ലങ്കേരി എന്ന പേരിൽ തന്നെ ഒരു കാലത്ത് ഇവിടെയുണ്ടായിരുന്ന എള്ള് കൃഷിയുടെ പെരുമയുണ്ടെന്ന് പറയപ്പെടുന്നു. തിലം എന്നാൽ എള്ള് എന്നാണ് അർത്ഥം.

തില്ലങ്കേരിയ്ക്ക് നഷ്ടമായ പഴയ പ്രതാപത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഷിംജിത്തും ബന്ധുവായ നന്ദകുമാറും.
രണ്ടിനം എള്ളുകളാണ് ഇവർ കൃഷി ചെയ്തത്. ഒരു ഹെക്ടറിൽ നിന്ന് 300 കിലോയെങ്കിലും ഉത്പാദനമുണ്ടാകുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. കിലോയ്ക്ക് 270 രൂപ നിരക്കിലാണ് വിത്ത് വാങ്ങിയത്. ജൈവ രീതിയിലുള്ള കൃഷിയായതിനാൽ ആവശ്യക്കാരേറെയുണ്ട്. ഷിംജിത്തിന്റെയും നന്ദകുമാറിന്റെയും ഉൾപ്പെടെ പഞ്ചായത്തിൽ 20 ഏക്കർ സ്ഥലത്താണ് കർഷകർ എള്ള് കൃഷി ചെയ്യുന്നത്.കഴിഞ്ഞവർഷം മൂന്നേക്കറിൽ നിന്നും മൂന്നര ക്വിന്റലോളം എള്ള് ലഭിച്ചിരുന്നു. തില്ലങ്കേരി എന്ന പൊതു നാമത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വളരെ പെട്ടെന്നു തന്നെ എള്ള് മുഴുവനും വിറ്റഴിക്കാനും കഴിഞ്ഞിരുന്നു. മലഞ്ചെരിവിൽ പൂത്തുനിൽക്കുന്ന മനോഹരമായ എള്ള് പാടം കാണാൻ നിരവധിയാളുകൾ ഇവിടെ എത്തുന്നുണ്ട്.