മാഹി: മലബാറിലെ കൊച്ചു ഗുരുവായൂർ എന്നറിയപ്പെടുന്ന മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനർ നിർമ്മാണം പുരോഗമിക്കുന്നു. ഗുരുവായൂർ ക്ഷേത്ര മാതൃകയിൽ പുനർ നിർമ്മിച്ച ഈ ദേവാലയത്തിന് ഇതിനകം മൂന്ന് കോടിയോളം രൂപ ചിലവഴിച്ചു. ചുറ്റമ്പലത്തിന്റെ പണി പൂർത്തിയായി. ഉപദേവതകളെ ചുറ്റമ്പലത്തിനകത്തേക്ക് കൊണ്ടുവരും. കേരളീയ വാസ്തുശിൽപ്പ ചാതുരി തുടിക്കുന്ന ക്ഷേത്ര മാതൃകയും മരത്തിൽ കൊത്തിയെടുത്ത ഒട്ടേറെ ശിൽപ്പങ്ങളും ഭക്തമാനസങ്ങൾക്ക് ആനന്ദനിർവൃതിയേകും.
ക്ഷേത്രമാകെ ചെമ്പ് തകിടിൽ പൊതിഞ്ഞിട്ടുണ്ട്. കൊടിമരം നാല് മാസക്കാലമായി എണ്ണത്തോണിയിലാണുള്ളത്. ഒട്ടേറെ പ്രത്യേകതകൾ ഈ ക്ഷേത്രത്തിന് മാത്രം അവകാശപ്പെട്ടതാണ്. ആര്യ ദ്രാവിഢ സംസ്‌കൃതിയുടെ സമന്വയമാണിവിടം. തമിഴ്നാട്ടിലെ മധുര മീനാക്ഷി ക്ഷേഗ്രോപുര മാതൃകയിലുള്ള കൂറ്റൻ രാജഗോപുരമാണ് ക്ഷേത്ര കവാടത്തെ അലങ്കരിക്കുന്നത്. ഇരു വശത്തേയും കൂറ്റൻ ചുമരുകളിൽ കൃഷ്ണ ലീലാ ശിൽപ്പങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.
മഥുര ശ്രീകൃഷ്ണ ക്ഷേത്ര മാതൃകയിലുള്ള ശ്രീകോവിലാണ് മറ്റൊരു പ്രത്യേകത. ദേവാലയത്തിന്നഭിമുഖമായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടേയും നവോത്ഥാന ശിൽപ്പി ശ്രീനാരായണ ഗുരുവിന്റേയും പൂർണ്ണകായ പ്രതിമകളുമുണ്ട്. ഈ ദേവാലയത്തിൽ മതാതീതമായി ജനങ്ങൾ എത്താറുണ്ട്.
ഗുരുവായൂരിൽ ഗന്ധർവ്വ ഗായകൻ ഡോ. കെ.ജെ. യേശുദാസിന് മുന്നിൽ നടയടച്ചപ്പോൾ മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അത് മലർക്കെ തുറന്ന് കൊടുക്കുകയായിരുന്നു. ദശദിന ഉത്സവ രാപകലുകൾ പലവിധ കലകളുടേയും വേദിയായി മാറും. അന്നദാനത്തിന് പേരുകേട്ട ആരാധനാലയമാണിത്. പലതരം അമ്പല പ്രാവുകൾ ചേക്കേറിയ ഈ ക്ഷേത്രാങ്കണം കാണികൾക്ക് കൗതുകം പകരുന്ന ദൃശ്യമാണ്.
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, മുൻ മാഹി എം.എൽ.എയും ഗാന്ധിയനുമായ പി.കെ. രാമന്റെ സ്വപ്ന സാഫല്യമാണ് ആരേയും അതിശയിപ്പിക്കുന്ന ഈ ക്ഷേത്രവും, അതിലെ ആത്മീയ ഭൗതിക ആശയങ്ങളും. അടുത്ത വർഷത്തോടെ പുനർനിർമ്മാണം സഫലമാകുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.