fire

കൊയിലാണ്ടി: ഫയർ ഫോഴ്സിന് സ്വന്തം കെട്ടിടം ഇല്ലാത്തതിനാൽ താത്ക്കാലിക കെട്ടിടത്തിൽ ഇരുപത്തെട്ടോളം ജീവനക്കാർ വേനലിൽ വെന്തുരുകുന്നു. 2017 ലാണ് കൊയിലാണ്ടി ഫയർ ഫോഴ്സ് ഉദ്ഘാടനം ചെയ്തത്. സ്‌പോർട്ട്സ് കൗൺസിൽ ഗാലറിയുടെ പിൻവശം വാടകയ്ക്ക് എടുത്താണ് നഗരസഭ താത്കാലിക സൗകര്യം ഒരുക്കിയത്. രാത്രിയിൽ ഇതിനകത്ത് കഴിയാനാകാത്ത അവസ്ഥയാണ് ഓഫീസിനകത്ത്. കോൺക്രീറ്റിന്റെ ചൂട് അസഹ്യമാണെന്ന് ജീവനക്കാർ പറയുന്നു. അടുത്തടുത്ത് കട്ടിലിട്ടാണ് ഉറങ്ങുന്നത്. തൊട്ടടുത്താണ് യൂണിഫോം സൂക്ഷിക്കുന്നത്. അടുക്കളയും കിടപ്പുമുറിയും അടുത്തടുത്താണ്. കായിക താരങ്ങൾക്കുള്ള ഒരു ടോയിലറ്റ് ജീവനക്കാർ ഉപയോഗിക്കുകയാണ്. ഇപ്പോൾ കായിക താരങ്ങൾ സ്റ്റേഡിയത്തിൽ വരാത്തത് ജീവനക്കാർക്ക് ഒരനുഗ്രഹമാണ്.
നഗരസഭ വർഷങ്ങൾക്ക് മുമ്പ് ഫയർഫോഴ്സിനായി ഹോമിയോ ആശുപത്രിയുടെ തെക്ക് ഭാഗത്തായി സ്ഥലം വാങ്ങിയിരുന്നു. പക്ഷെ സ്ഥലത്തേത്ത് ഫയർ വണ്ടികൾക്ക് കടന്നു പോവാൻ മതിയായ സൗകര്യമില്ല. 2019-2020 നഗരസഭാ ബജറ്റിൽ ഫയർ സ്റ്റേഷൻ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിപ്പിക്കാൻ പദ്ധതി നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു നടപടിയും ഈ അവസാന കാലത്തും ചെയ്തില്ല. കൊയിലാണ്ടി ഫയർ സ്റ്റേഷന്റെ പരിധി വിശാലമാണ്. കോരപ്പുഴ മുതൽ വടക്ക് മൂടാടി വരെയും കിഴക്ക് പറമ്പിന്റെ മുകൾ മുതൽ അരിക്കുളം പറമ്പത്ത് വരെയുമാണ്. അപകടങ്ങൾ കൂടാതെ കൊവിഡ് ഡ്യൂട്ടിയും ഫയർഫോഴ്സിനാണ്. ഇരുപത്തിനാല് മണിക്കൂർ തുടർച്ചയായി ജോലി ചെയ്യേണ്ട ജീവനക്കാർക്ക് ഒന്നു വിശ്രമിക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്.