കല്ലമ്പലം: കൊവിഡ് ബാധിച്ച് ചികിത്സാ കേന്ദ്രത്തിലായിരുന്ന രോഗിയുടെ വീട്ടിൽ മോഷണം. കരവാരം ഹൈസ്കൂളിന് പുറകുവശത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ തനിച്ചു താമസിക്കുന്ന സ്ത്രീ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് 10 ദിവസത്തോളമായി വക്കത്തെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടിൽ കയറുന്നതിന് മുമ്പ് ഇവരുടെ സാന്നിദ്ധ്യത്തിൽ സന്നദ്ധ പ്രവർത്തകർ വീട് അണുവിമുക്തമാക്കി. തുടർന്ന് അകത്തു കയറി നോക്കുമ്പോഴാണ് 7000 രൂപയും മിക്സി ഉൾപ്പെടെ അനവധി സാധനങ്ങളും നഷ്ടപ്പെട്ടതായി അറിഞ്ഞത്. വീടിന് മുൻവശത്തെ ജനൽകമ്പി വളച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.