കർണാടക സംഗീതത്തിൽ വയലിൻ വാദനശൈലിക്ക് ഒരു പൂർവകാല മാതൃകയുണ്ടായിരുന്നു. ഹാർമോണിയം വായനയുടെ ഒരു അനുകരണമെന്ന പോലെയായിരുന്നു ആ മാതൃക. അതിൽ നിന്ന് വയലിൻ വാദനത്തിന് വലിയൊരു പരിവർത്തനം സാദ്ധ്യമാക്കിയത് കഴിഞ്ഞ ദിവസം അന്തരിച്ച പ്രൊഫ.ടി.എൻ. കൃഷ്ണൻ ആയിരുന്നു. കർണാടക സംഗീതലോകത്തെ മാറ്റിമറിച്ച വിപ്ലവമാണ് അതിലൂടെ സംഭവിച്ചത്.
നീളത്തിലുള്ള, ഒരൊറ്റ 'ബോ'യിൽ സംഗതികൾ ഒഴുകിവരുന്നത് കർണാടകസംഗീതാസ്വാദകർ ആവേശത്തോടെ, അതിലേറെ ആരാധനയോടെ ശ്രവിച്ചു. ഇതാണ് ടി.എൻ. കൃഷ്ണൻ ആസ്വാദർക്ക് മുന്നിലേക്കിട്ടു കൊടുത്ത പുതിയ മാതൃക. അതൊരു അനുഭൂതിയായിരുന്നു എല്ലാ അർത്ഥത്തിലും. സ്വാദൂറുന്ന സംഗീതം എന്നതിനൊപ്പം, വിദ്യാർത്ഥികൾക്ക് പഠിച്ചെടുക്കാൻ എളുപ്പം സാധിക്കുന്ന ശൈലിയുമാണ് ടി.എൻ. കൃഷ്ണൻ സമ്മാനിച്ചത്.
തൃപ്പൂണിത്തുറയിലാണ് ടി.എൻ. കൃഷ്ണന്റെ ജന്മദേശം. മൂന്നാം വയസിൽ പിതാവ് നാരായണയ്യരിൽ നിന്ന് വയലിൻ അഭ്യസിച്ചു തുടങ്ങിയ ടി.എൻ. കൃഷ്ണൻ പിൽക്കാലത്ത് തിരുവനന്തപുരത്തെത്തി ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ കൂടെ താമസിച്ച് അദ്ദേഹത്തോടൊപ്പം കഠിനസാധകത്തിലൂടെ സംഗീതത്തെ തന്റെ വരുതിയിലാക്കി. ശെമ്മാങ്കുടി അന്ന് സ്വാതിതിരുനാൾ സംഗീത അക്കാഡമിയിൽ പ്രിൻസിപ്പൽ. അദ്ദേഹം പാടുമ്പോൾ കൂടെയിരുന്നാണ് സാധകം. അങ്ങനെ സൃഷ്ടിച്ചെടുത്തതാണ് ടി.എൻ.കൃഷ്ണന്റെ സംഗീതം. തോടി, ശങ്കരാഭരണം, കീരവാണി, സിന്ധുഭൈരവി, സുരുട്ടി, ഖരഹരപ്രിയ തുടങ്ങിയ രാഗങ്ങളിൽ അദ്ദേഹത്തിന്റെ സോളോ വായനയ്ക്ക് ആവശ്യക്കാരേറെയായിരുന്നു. ഏത് വേദിയിലെത്തിയാലും ആസ്വാദകർ അദ്ദേഹത്തോട് ആവർത്തിച്ചാവശ്യപ്പെടുന്നത് ഈ രാഗങ്ങൾക്കാണ്. കച്ചേരിയിൽ പക്കമേളമായി അകമ്പടി വായിക്കുമ്പോഴാകട്ടെ, പാട്ടിനൊപ്പം ഇഴ ചേർന്ന് നീങ്ങി കൃഷ്ണന്റെ വയലിൻ. അതുകൊണ്ടുതന്നെ വായ്പാട്ടുകാർക്കെല്ലാം വലിയ ഇഷ്ടമായിരുന്നു.
എന്റെ പിതാവ് പ്രൊഫ.എം. സുബ്രഹ്മണ്യശർമ്മയാണ് കേരളത്തിൽ പുതിയൊരു വയലിൻ വാദനശൈലി കൊണ്ടുവന്നതെങ്കിൽ ഇന്ത്യയൊട്ടാകെ പരിചയപ്പെടുത്തപ്പെട്ട പുതിയ മാതൃക ടി.എൻ. കൃഷ്ണന്റേതാണ്. അച്ഛനെന്നെ പഠിപ്പിച്ചത് അച്ഛന്റെ ശൈലി മാത്രമായിരുന്നില്ല. എം.എസ്. ഗോപാലകൃഷ്ണന്റെയും ടി.എൻ. കൃഷ്ണന്റെയുമെല്ലാം ശൈലിയിലും വായിക്കാൻ അച്ഛൻ പ്രേരിപ്പിക്കുമായിരുന്നു. 'തോടി, സുരുട്ടി രാഗങ്ങൾ നീ ടി.എൻ. കൃഷ്ണനെ പോലെ വായിക്കണമെന്ന് ' അച്ഛനെന്നോട് പറയുമായിരുന്നു. അത് ആ വലിയ കലാകാരന്റെ മഹാമനസ്‌കത. 1959 മുതൽ അച്ഛന് ഇദ്ദേഹവുമായി അടുപ്പമുണ്ടായിരുന്നു. അക്കാലത്ത് ആദ്യം അച്ഛൻ വായിക്കുന്ന കച്ചേരിയാണെങ്കിൽ രണ്ടാമതായി ടി.എൻ വായിക്കുന്നതായിരിക്കും. ഒരിക്കൽ കൊല്ലത്ത് അത്തരമൊരു സദസിൽ, അടുത്ത കച്ചേരിക്കായി എത്തിയ അദ്ദേഹം ആദ്യ കച്ചേരിയിലെ അച്ഛന്റെ വായന നന്നായി ആസ്വദിച്ചു. മനക്കോട്ടൈ ഗോവിന്ദപിള്ളൈ എന്ന വളരെ പേരുകേട്ടൊരു സംഗീതവിദ്വാനിൽ നിന്ന് സ്വീകരിച്ച വയലിൻ അന്നവിടെ വച്ച് ടി.എൻ. കൃഷ്ണൻ, അച്ഛന് കൈമാറി. അമൂല്യമായ ആ വയലിൻ ഇന്നും എന്റെ സഹോദരി എസ്.ആർ. രാജശ്രി കച്ചേരികളിൽ ഉപയോഗിക്കുന്നു.
1992ൽ തിരുവനന്തപുരത്തെ കാർത്തികതിരുനാൾ തിയേറ്ററിൽ സ്വാതിതിരുനാൾ സംഗീതസഭയുടെ സുവർണ്ണജൂബിലിയോടനുബന്ധിച്ച് ടി.എൻ. കൃഷ്ണൻ അതിഥിയായെത്തി. ഒരു ദിവസം രാവിലെ അദ്ദേഹത്തിന്റെ ലക്ചർ ഡെമോൺസ്ട്രേഷൻ നിശ്ചയിച്ചിട്ടുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഏറെ സംഗീതാസ്വാദകരുണ്ടായിരുന്ന കാലമാണ്. ലക്ചർ ഡെമോൺസ്ട്രേഷൻ വേണ്ട, അങ്ങ് രാഗങ്ങൾ വായിച്ചാൽ മതിയെന്ന് ശ്രോതാക്കൾ ഒന്നടങ്കം ആവശ്യപ്പെട്ടു. സഭക്കാരുടെ അനുമതിയോടെ അദ്ദേഹമതിന് വഴങ്ങി. ശ്രോതാക്കൾ ആവേശത്തോടെ രാഗങ്ങളോരോന്നായി പറഞ്ഞു തുടങ്ങി. 9 മണിക്കാരംഭിച്ച വായന അവസാനിച്ചത് ഉച്ചയ്‌ക്ക് ഒരു മണിക്കാണ്.
സംഗീതത്രിമൂർത്തികളെ പോലെ വയലിൻ ത്രയങ്ങളായി അറിയപ്പെട്ടവരാണ് ലാൽഗുഡി ജയരാമനും എം.എസ്. ഗോപാലകൃഷ്ണനും ടി.എൻ. കൃഷ്ണനും. കേരളത്തിൽ ജനിച്ചുവളർന്നിട്ടും കൃഷ്ണന് പിൽക്കാലത്ത് ചെന്നൈയിലേക്ക് ചേക്കേറേണ്ടിവന്നു. ഇവിടത്തെ പല സംഗീതവിദ്വാന്മാർക്കും അത് വേണ്ടിവന്നിട്ടുണ്ട്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നതാണ് കേരളത്തിലെ പ്രവണത.
- (അന്തരിച്ച പ്രശസ്ത വയലിൻ വിദ്വാൻ പ്രൊഫ.എം. സുബ്രഹ്മണ്യശർമ്മയുടെ മകനും പ്രശസ്ത വയലിൻ വിദ്വാനുമാണ് ലേഖകൻ. ഫോൺ: 9447053977)