dd

കിളിമാനൂർ: അന്യസംസ്ഥാനങ്ങളിൽ നിന്ന് പൂക്കളുടെ വരവ് കുറഞ്ഞതും വിലക്കയറ്റവും മൂലം കൊവിഡ് കാലമാണെങ്കിലും ആവശ്യത്തിനനുസരിച്ചു പൂക്കൾ നൽകാനാവാതെ വ്യാപാരികൾ വലയുന്നു.

വിവാഹ മുഹൂർത്തങ്ങളുള്ള ദിവസങ്ങളിലാണ് മുല്ലപ്പൂവിനു പൊതുവേ വില കൂടുന്നത്. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 2000ന് മുകളിലായിരുന്നു വില. വിദ്യാരംഭ ദിനത്തിലും ഇതേ വിലയായിരുന്നു. സാധാരണ ദിവസങ്ങളിൽ കിലോയ്ക്ക് 300രൂപ മുതൽ 800രൂപ വരെ വിലയുണ്ട്. ഈ മാസം കിലോയ്ക്ക് 1500ന് മുകളിൽ വില ഉയരില്ലെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

ജില്ലയിലേക്ക് തെങ്കാശി, തോവാള, ദിണ്ടിഗൽ എന്നിവിടങ്ങളിൽ നിന്നാണ് മുല്ലപ്പൂ എത്തിക്കുന്നത്. കൊവിഡ് കാല പ്രതിസന്ധി മുല്ലപ്പൂ കച്ചവടത്തെ ബാധിച്ചിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്‌നാട്ടിൽ നിന്ന് പാലക്കാട്‌ വഴിയാണ് ജില്ലയിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തുന്നത്. അവിടെ ഉല്പാദനം കുറഞ്ഞതും മഴയിൽ പൂ കൃഷി നശിച്ചതുമാണ് വിലക്കയറ്റത്തിന് കാരണം. കൃഷി നശിച്ചതിനാൽ പൂവിന്റെ ലഭ്യതക്കുറവുണ്ട്.

മഴ കാരണം മുല്ലമൊട്ടുകൾ പെട്ടെന്ന് ചീയുന്നതും തിരിച്ചടിയാണ്. വരുന്ന മുല്ലപ്പൂ പിഞ്ചായതിനാൽ കെട്ടാനും പ്രയാസമാണ്. ഒരു കിലോ പൂവിൽ കാൽ ഭാഗത്തോളം കളയേണ്ടതായി വരുന്നു. മുഹൂർത്ത ദിനങ്ങളിൽ മുൻകൂട്ടി ബുക്ക്‌ ചെയ്താണ് പൂവ് ലഭിക്കുന്നത്. എന്നാൽ ബുക്കിംഗിന് അനുസരിച്ചു ലഭിക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. മാറ്റിവച്ച വിവാഹങ്ങൾ കൂടുതലും ഈ മാസമാണ് നടക്കുന്നത്. ഒരേ ദിവസം തന്നെ മണിക്കൂറുകൾക്കുള്ളിൽ കിലോയ്ക്ക് 200-300 രൂപയുടെ വില വ്യത്യാസവും വരുന്നുണ്ട്. കേരളത്തിൽ മുല്ലപ്പൂ കൃഷി പച്ചപിടിക്കാത്തതിനാൽ പൂവിനായി തമിഴ്‌നാടിനെ തന്നെ ആശ്രയിക്കണം.