stroke

മനുഷ്യരുടെ മരണകാരണങ്ങളിൽ മൂന്നാം സ്ഥാനം പക്ഷാഘാതം അഥവാ സ്‌ട്രോക്കിനുണ്ട്. കഴിഞ്ഞ ഇരുപതുവർഷത്തിനിടയിൽ ഇന്ത്യയിൽ പക്ഷാഘാത സാദ്ധ്യത 100 ശതമാനം വർദ്ധിച്ചിട്ടുണ്ടെന്നാണ് ഇന്ത്യ സ്‌ട്രോക്ക് അസോസിയേഷന്റെ

അടുത്ത കാലത്തെ പഠനങ്ങളിൽ പറയുന്നത്. ഓരോ വർഷവും 1.8 ദശലക്ഷം പേർക്ക് പക്ഷാഘാതം ഉണ്ടാകുന്നുവെന്നും പഠനത്തിലുണ്ട്.

തലച്ചോറിലേയ്ക്കുള്ള ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് കാരണം തലച്ചോറിന്റെ പ്രവർത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതത്തെയാണ് സ്‌ട്രോക്ക് എന്നുവിളിക്കുന്നത്. 55 വയസ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കണ്ടുവരുന്നത്. സ്‌ട്രോക്ക് പൊതുവെ രണ്ടുതരത്തിലാണ്.

ഇഷ്‌ക്കിമിക് സ്‌ട്രോക്ക് അഥവാ രക്തധമനികളിൽ രക്തം കട്ടപിടിച്ചു ഉണ്ടാകുന്ന സ്‌ട്രോക്കാണ് ഇതിൽ ആദ്യത്തേത്. സ്‌ട്രോക്കുകളിൽ ഏറിയ പങ്കും ഈ ഇനത്തിൽപ്പെട്ടവയാണ്.

ഹെമോർഹാജിക് സ്‌ട്രോക്ക് അഥവാ രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളിൽ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്‌ട്രോക്കാണ് രണ്ടാമത്തേത്. വളരെ മാരകമാണ് ഈ സ്‌ട്രോക്ക്.

സ്‌ട്രോക്ക് ഒരു ജീവിതശൈലീരോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെഅഭാവം, തെറ്റായആഹാരക്രമം, അമിതമദ്യപാനം, രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ എന്നിവ സ്‌ട്രോക്കിനുള്ള പ്രധാന കാരണങ്ങളാണ്. ഹാർട്ട് അറ്റാക്ക് വന്നവർ, ഹൃദയവാൽവ് സംബന്ധമായ തകരാറുള്ളവർ തുടങ്ങിയവർക്കെല്ലാം സ്‌ട്രോക്കിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

ഈയിടെയായി ചെറുപ്പക്കാരിലും സ്‌ട്രോക്ക് അധികമായി കണ്ടുവരുണ്ടെന്നതാണ് അശങ്കപ്പെടുത്തന്ന വസ്തുത. ഇതിന്റെ ഒരുപ്രധാനകാരണം ജീവിതശൈലിയിലെ മാറ്റമാണ്. പുകവലിയാണ് ഇതിൽ ഏറ്റവും പ്രധാനം. കൂടാതെ അമിതവണ്ണം, രക്തസമ്മർദ്ദം, മാനസികസമ്മർദ്ദം എന്നിവയും പ്രധാന കാരണങ്ങളാകുന്നു.

ഗർഭനിരോധന ഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്‌ട്രോക്കിനുള്ള സാദ്ധ്യത കൂടുതലാണ്.

ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്ന് ഉണ്ടാകുന്ന ബലക്ഷയം, മുഖത്തെ കോട്ടം, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ച ശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ അത് സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്.

സ്‌ട്രോക്കിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോഴേ രോഗിയെ ചികിത്സയ്ക്ക് വിധേയമാക്കേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്കുകളിൽ ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങി നാലര മണിക്കൂറിനുള്ളിൽ രക്തം കട്ടപിടിച്ചത് മാറ്റാനുള്ള മരുന്ന് നൽകേണ്ടതാണ്. ഇതിനു ത്രോംബോളൈറ്റിക് തെറാപ്പി എന്നാണ് പറയുന്നത്. ഇതോടെ സ്‌ട്രോക്ക് കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഗണ്യമായ കുറവുണ്ടാകും. അതിനാൽ എത്രയും പെട്ടന്ന് രോഗിയെ അടുത്തുള്ള സ്‌ട്രോക്ക് യൂണിറ്റിൽ എത്തിക്കേണ്ടതാണ്.

സമയം പാഴാക്കരുത്


സ്‌ട്രോക്കിന്റെ കാര്യത്തിൽ ഏറ്റവും പ്രധാനം ചികിത്സ ആരംഭിക്കുന്നതിനു മുമ്പ് നാം പാഴാക്കുന്ന സമയമാണ്. പാഴാക്കുന്ന ഓരോ മിനിറ്റിലും തലച്ചോറിലെ ഒരു ദശലക്ഷം കോശങ്ങളാണ് നശിച്ചു കൊണ്ടിരിക്കുന്നത്. പെട്ടെന്ന് എത്തപ്പെടാവുന്ന സ്‌ട്രോക്ക് യൂണിറ്റുകളുള്ള ഹോസ്പിറ്റലുകൾ ഏതൊക്കെയാണെന്നും അവരുടെ സ്‌ട്രോക്ക്‌ ഹെൽലൈൻ നമ്പറുകൾ അറിഞ്ഞുവയ്ക്കുന്നത് ഈ സമയനഷ്ടം കുറയ്ക്കാൻ സഹായിക്കും.

ചികിത്സ വൈകാനുള്ള മറ്റൊരുകാരണം തുടക്കത്തിൽ രോഗലക്ഷണങ്ങൾ പ്രകടമായിരിക്കില്ല എന്നതാണ്. സി.ടി സ്‌കാനിൽ സ്‌ട്രോക്കിന്റെ വ്യതിയാനങ്ങൾ വരാൻ ചിലപ്പോൾ ആറ് മുതൽ ഇരുപത്തിനാലു മണിക്കൂർ വരെ വേണ്ടിവന്നേയ്ക്കാം.

ചിലരോഗികളിൾ സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ വന്നു ഒരു മണിക്കൂറിനുള്ളിൽ തന്നെ അത് പൂർണമായിമാറുകയുംചെയ്യും. ഇതിനെ ടി.ഐ.എ അഥവാ ട്രാൻസിറ്റന്റ് ഇസിക്കിമിക് അറ്റാക്ക് (Transient ischemic Attack) എന്ന് പറയും.


സ്‌ട്രോക്കിന്

ശേഷമുള്ള ജീവിതം


സ്‌ട്രോക്ക് ചികിത്സയിൽ ഏറ്റവും പ്രധാനമാണ് അവരുടെ പുനരധിവാസം. ചലനശേഷി വീണ്ടെടുക്കാനായി മുടങ്ങാതെ ഫിസിയോതെറാപ്പി ചെയ്യണം. കിടപ്പുരോഗികൾക്ക് വ്രണം വരാതെ നോക്കാനായി ഓരോ രണ്ടുമണിക്കൂറിലും തിരിച്ചുകിടത്തേണ്ടതാണ്.

രോഗികൾക്ക് വീഴ്ചയ്ക്കുള്ള സാദ്ധ്യത വളരെ കൂടുതലാണ്. രോഗികൾ കിടക്കുന്ന മുറിയും അവരുപയോഗിക്കുന്ന ബാത്‌റൂമും ഒരേനിരപ്പിലായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ആവശ്യമായ പ്രകാശവും ബാത്‌റൂമിൽ വേണം. തട്ടിവീഴാന്‍ കാരണമാകാവുന്ന സാധനങ്ങൾ തറയിൽ നിരത്തിവയ്ക്കതുത്.
സ്‌ട്രോക്ക് കാരണം ആശയവിനിമയത്തിൽ പ്രശ്‌നങ്ങളുണ്ടായേക്കാം. ഇതിന് സ്പീച് തെറാപ്പി ആവശ്യമാണ്. മ്യൂസിക് തെറാപ്പിയും സഹായകരമാണ്.

ചെറിയ നടത്തത്തിനു പോകുക, സംഗീതം ആസ്വദിക്കുക തുടങ്ങിയചെറിയ കാര്യങ്ങളുലൂടെ ഏകാഗ്രത വീണ്ടെടുക്കാൻ സഹായിക്കും.


സ്‌ട്രോക്ക് വരാതെ

ശ്രദ്ധിക്കാൻ


രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് അത് വരാതെ നോക്കുന്നതാണ്. ഉയർന്ന രക്തസമ്മർദ്ദവും, പ്രമേഹവും, ഉയർന്ന കൊളസ്‌ട്രോളും കൃത്യമായി മരുന്ന് കഴിച്ചു നിയന്ത്രിക്കേണ്ടതാണ്. കൂടാതെ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കൃത്യമായി ഡോക്ടറുടെ നിർദ്ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
ശരീരഭാരംകൂടാതെ നോക്കണം. കൃത്യസമയത്തു തന്നെ സമീകൃതമായ ആഹാരം കഴിക്കുകയും കൂടുതലായി പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും വേണം.

പുകവലി പൂർണമായി ഒഴിവാക്കണം. മദ്യപാനം നിയന്ത്രിക്കണം. ഒരിക്കൽ ടി.ഐ.എ വന്ന രോഗികൾ ന്യൂറോളജിസ്‌റിനെ കാണുകയും മുൻകരുതലുകൾ എടുക്കേണ്ടതുമാണ്.

ഡോ. സുശാന്ത് എം.ജെ

കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്

എസ്.യു.ടി ആശുപത്രി, പട്ടം.