ഒരിക്കലും നടക്കാനിടയില്ല. എങ്കിലും അഴിമതിയിൽ പൊറുതിമുട്ടുമ്പോൾ ജനങ്ങൾ സർവസാധാരണയായി ആഗ്രഹിച്ചുപോകുന്ന വലിയൊരു ആഗ്രഹം തന്നെയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ഡിവിഷൻ ബെഞ്ചിൽ നിന്നു കഴിഞ്ഞ ദിവസം ഉയർന്നുകേട്ടത്. ഉദ്യോഗസ്ഥർക്കിടയിൽ വർദ്ധിച്ചുവരുന്ന അഴിമതി അവസാനിപ്പിക്കാൻ അഴിമതി കാണിക്കുന്നവരെ തൂക്കിലേറ്റുക മാത്രമാണ് പോംവഴിയെന്നാണു ജഡ്ജിമാരായ എൻ. കൃപാകരനും ബി. പുകഴേന്തിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടത്. അഴിമതി കാണിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള നിയമം വന്നാലേ സമൂഹത്തിനു വിനയായി മാറിക്കഴിഞ്ഞ അഴിമതി എന്ന ശാപം തുടച്ചുമാറ്റാനാകൂ എന്നായിരുന്നു ജഡ്ജിമാരുടെ വാക്കാലുള്ള പരാമർശം. തമിഴ്‌നാട്ടിൽ ഇപ്പോൾ വിളവെടുപ്പിന്റെ കാലമാണ്. കർഷകരിൽ നിന്ന് സർക്കാർ നെല്ല് ശേഖരിക്കാറുണ്ട്. ഇതിനു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പാവപ്പെട്ട കർഷകരിൽ നിന്നു കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങിയ ശേഷമേ നെല്ല് എടുക്കാറുള്ളൂ. ചാക്കൊന്നിന് മുപ്പതോ നാല്പതോ രൂപ കൈമടക്കു കൊടുക്കാത്തവരുടെ നെല്ലളക്കാൻ ഉദ്യോഗസ്ഥർ മടിക്കും. കാരണമുണ്ടാക്കി തിരിച്ചയയ്ക്കും. കർഷകർ നേരിടുന്ന ഈ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ സമർപ്പിച്ച പൊതുതാത്‌പര്യ ഹർജി പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിൽ നിന്ന് അസാധാരണ പരാമർശമുണ്ടായത്. ഒട്ടധികം കഷ്ടപ്പെട്ട് വിളയിച്ചെടുത്ത നെല്ലുമായി സംഭരണ ഡിപ്പോകളിലെത്തുന്ന സാധാരണ കർഷകരോട് ഉദ്യോഗസ്ഥർ കാണിക്കുന്ന ഈ അന്യായം ഞെട്ടിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അഴിമതി അർബുദം പോലെ അതിവേഗം പടർന്നുകൊണ്ടിരിക്കുകയാണ്. അഴിമതിയിലേർപ്പെടുന്ന ഉദ്യോഗസ്ഥരെ തൂക്കിക്കൊല്ലാൻ വ്യവസ്ഥ ചെയ്യുന്ന നിയമം ഉണ്ടാകണം. എങ്കിലേ അഴിമതി തുടച്ചുനീക്കാനാവൂ - ജഡ്ജിമാരുടെ വാക്കുകളിലെ രോഷാഗ്നി മനസിലാക്കാവുന്നതേയുള്ളൂ. ഒരു ചാക്ക് നെല്ലളക്കുമ്പോൾ കർഷകന് ലാഭമായി ലഭിക്കുന്ന സംഖ്യയ്ക്കു തുല്യമായ തുകയാണ് ഉദ്യോഗസ്ഥർ കൈക്കൂലിയായി ആവശ്യപ്പെടുന്നത്. കർഷകനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഉത്പന്നങ്ങൾ ഏതു വിധേനയും വിറ്റ് കാശാക്കുക എന്നത് പരമപ്രധാനമാണ്. ഈ നിസഹായതയാണ് കൈക്കൂലിപ്പാവികളായ ഉദ്യോഗസ്ഥർ ചൂഷണം ചെയ്യുന്നത്. നെല്ലു സംഭരണ കേന്ദ്രങ്ങളിൽ നടമാടുന്ന കൈക്കൂലി സമ്പ്രദായത്തെക്കുറിച്ച് സർക്കാരും മനസിലാക്കിയിട്ടുണ്ട്. സംഭരണകേന്ദ്രങ്ങളിൽ വ്യാപകമായി റെയ്‌ഡ് നടക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. കോടതി ആവശ്യപ്പെട്ടതനുസരിച്ച് സർക്കാർ ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൈക്കൂലി വാങ്ങിയ സംഭവങ്ങളിൽ 105 ഉദ്യോഗസ്ഥരെ പരിശോധകസംഘം പിടികൂടിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. 1725 പരിശോധനകൾ നടന്നപ്പോഴാണ് ഇത്രയും ഉദ്യോഗസ്ഥർ കുടുങ്ങിയത്. ഇവർക്കെതിരെ എന്തു നടപടിയെടുത്തു എന്നറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി.
മദ്രാസ് ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ജഡ്ജിമാർ രാജ്യത്തു പൊതുവേ നടമാടുന്ന അഴിമതിയുടെ ആധിക്യത്തിൽ സഹികെട്ടാകണം അഴിമതിക്കാരെ തൂക്കിലേറ്റിയാലല്ലാതെ ഈ ശാപം ഇല്ലാതാവുകയില്ലെന്ന അസാധാരണ അഭിപ്രായപ്രകടനത്തിനു മുതിർന്നത്. സർക്കാർ സേവനവുമായി ബന്ധപ്പെട്ട ഏതിനും കൈക്കൂലി പ്രധാന ഉപാധിയായി മാറിയ സംസ്ഥാനങ്ങളുടെ മുൻനിരയിലാണ് തമിഴ്നാട്. കൈമടക്ക് അംഗീകൃത കീഴ്‌വഴക്കമായതോടെ ജനങ്ങളും ഏറക്കുറെ ഈ തിന്മയുമായി ഇണങ്ങിപ്പോവുകയാണു ചെയ്യുന്നത്. ഒളിവും മറയുമില്ലാതെ കൈക്കൂലി വാങ്ങി കാര്യം നടത്തിക്കൊടുക്കാൻ മടികാണിക്കാത്ത ഉദ്യോഗസ്ഥർ രാജ്യത്ത് എവിടെയുമുണ്ട്. അഴിമതിക്കാരെ തൂക്കിലേറ്റാൻ അഥവാ ഇനി നിയമം വന്നാൽത്തന്നെ ഈ സാമൂഹ്യതിന്മ ഇല്ലാതാകുമെന്ന മോഹം വേണ്ട. കൊലപാതകത്തിനും കൂട്ടബലാത്സംഗത്തിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുന്നതിനുമൊക്കെ വധശിക്ഷ നിയമപുസ്തകത്തിൽ എഴുതിച്ചേർത്തിരിക്കുമ്പോഴാണ് പരക്കെ അത്തരം കുറ്റകൃത്യങ്ങൾ പെരുകിക്കൊണ്ടിരിക്കുന്നത്. ഏതു കുറ്റത്തിനും പൈശാചിക രീതിയിലുള്ള ശിക്ഷാമുറകൾ പ്രാബല്യത്തിലിരുന്ന നാടുകളിലും എല്ലാത്തരും കുറ്റങ്ങളും ഒരു ലോപവുമില്ലാതെ നടക്കാറുണ്ട്. അപ്പോൾ നിയമം കർക്കശമാകാത്തതല്ല കാരണം എന്നു ബോദ്ധ്യമാകും. അഴിമതി പൂർണമായും ഇല്ലാതാക്കാൻ ആരാലും സാദ്ധ്യമല്ലെന്നതാണ് യാഥാർത്ഥ്യം. കർക്കശമായ നിയമങ്ങളിലൂടെ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞേക്കാം. അവിടെയും പ്രശ്നം നിയമ - നീതി നിർവഹണ സംവിധാനങ്ങൾ എത്രമാത്രം പ്രതിബദ്ധമാണെന്നതിനെ ആശ്രയിച്ചാകും വിജയം കുടികൊള്ളുന്നത്. രാജ്യത്ത് അഴിമതി കുറയണമെങ്കിൽ ആദ്യം നന്നാകേണ്ടത് രാഷ്ട്രീയം തന്നെയാണ്. ഉദ്യോഗസ്ഥരെ അഴിമതിക്കാരാക്കി മാറ്റിയതിനു പിന്നിൽ രാഷ്ട്രീയക്കാരുടെ പങ്ക് വളരെ വലുതാണ്. ഒട്ടും അഴിമതിക്കാരല്ലാത്ത മന്ത്രിമാരുടെ വകുപ്പുകളിൽ അഴിമതി നന്നേ കുറവായിരിക്കും. അഴിമതിക്കു തുനിഞ്ഞാൽ പിടിവീഴുമെന്നു വന്നാൽ അധികം പേരും അതിനു തുനിയുകയില്ല. സംരക്ഷകരായി രാഷ്ട്രീയക്കാർ വരികയില്ലെന്നുണ്ടെങ്കിൽ അരുതാത്തതു കാണിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാവുകയില്ല. രാഷ്ട്രീയം എത്രത്തോളം സംശുദ്ധമാകുന്നോ അത്രത്തോളം ബ്യൂറോക്രസിയും പരിശുദ്ധമാകുമെന്ന കാര്യത്തിലും തർക്കമില്ല.
ഇന്ത്യൻ ശിക്ഷാനിയമം പരിഷ്‌കരിക്കാനൊരുങ്ങുകയാണ് കേന്ദ്രം. ഇതിനായി സംസ്ഥാനങ്ങളുടെ അഭിപ്രായ നിർദ്ദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്. സ്‌ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തമാക്കാനും ഉദ്ദേശ്യമുണ്ട്. സ്‌ത്രീശാക്തീകരണത്തിന് ഏറെ പ്രാമുഖ്യം നൽകുമ്പോഴും നിലവിലുള്ള കർക്കശ നിയമങ്ങൾ പോലും പലപ്പോഴും അവരെ തുണയ്ക്കുന്നില്ലെന്നതാണ് ദുഃഖസത്യം. ബലാത്സംഗ കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് രണ്ടുമാസം കൊണ്ട് വിചാരണ പൂർത്തിയാക്കണമെന്നാണ് പരമോന്നത കോടതിയുടെ കല്പന. എത്ര കേസുകളിൽ അത് നടപ്പാകുന്നുണ്ട്. ശിക്ഷിക്കപ്പെടുന്ന കേസുകളുടെ പതിന്മടങ്ങാണ് അട്ടിമറിക്കപ്പെടുന്ന കേസുകൾ. കേരളത്തെ പിടിച്ചുലച്ച ചില കേസുകളുടെ കാര്യം ഉദാഹരണമാണ്. ഏറെ വിവാദങ്ങളുയർത്തിയ നടിയുടെ കേസിൽ വർഷം പിന്നിട്ടിട്ടും വിചാരണ പോലും പൂർത്തിയായില്ല. അട്ടിമറി ഭയന്ന് കോടതി മാറ്റാനുള്ള അപേക്ഷയുമായി സർക്കാരും ഇരയും മേൽ കോടതിയെ ശരണം പ്രാപിക്കേണ്ടിവന്നിരിക്കുന്നു. പ്രതിസ്ഥാനത്ത് ആരെന്നതിനെ ആശ്രയിച്ചാകും പലപ്പോഴും ഇത്തരം കേസുകളിൽ അന്തിമ തീർപ്പ് നീളുന്നത്.