തിരുവനന്തപുരം:നഗരസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ യുവ നിരയിലുള്ള ഗായത്രി ബാബുവും ശരണ്യയും പ്രചാരണ രംഗത്ത് സജീവമായി. ഗായത്രി വഞ്ചിയൂരിൽ നിന്നും ശരണ്യ കണ്ണമ്മൂലയിൽ നിന്നുമാണ് ജനവിധി തേടുന്നത്. വഞ്ചിയൂർ വാർഡിലെ നിലവിലെ കൗൺസിലറും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വഞ്ചിയൂർ പി.ബാബുവിന്റെയും സാക്ഷരതാമിഷൻ ഡയറക്ടർ പി.എസ്. ശ്രീകലയുടെയും മകളാണ് ഗായത്രി ബാബു.

അദ്ധ്യാപക യോഗ്യതാ പരീക്ഷയായ നെറ്റ് പാസായി കേരള സർവകലാശാലയിൽ ഗവേഷണപഠനത്തിന് തയാറെടുക്കുകയാണ് ഗായത്രി. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പഠനകാലം മുതൽ എഴുത്തിലും പഠനത്തിലും മികവ് പുലർത്തിയിരുന്ന ഗായത്രി വഞ്ചിയൂരിന് സുപരിചിതയാണ്. ബാലസംഘത്തിന്റെ മേഖലാ സെക്രട്ടറിയായും പ്രവർത്തിച്ചു. പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു. ഫീസ് വർദ്ധനയ്‌ക്കെതിരെ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നടന്ന സമരത്തിൽ മുൻനിരയിലുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ദിവസങ്ങളോളം പൊലീസിന്റെ കരുതൽ തടങ്കലിലും കഴിഞ്ഞു.

കണ്ണമ്മൂലയിൽ മത്സരിക്കുന്ന ശരണ്യ.എസ്.എസ് ബാലസംഘത്തിലൂടെയും എസ്.എഫ്‌.ഐയിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡി.വൈ.എഫ്‌.ഐ പ്രവർത്തകയാണ്. പള്ളിമുക്ക് സെന്റ് ആൻസ്, വിദ്യാഭ്യാസം പട്ടം സെന്റ് മേരീസ്, നാലാഞ്ചിറ സെന്റ് ജോൺസ് എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ചാക്ക ആൾസെയിന്റ് കോളേജിലായിരുന്നു ബിരുദം. നിലവിൽ പ്രസ്‌ക്ലബിൽ ജേർണലിസം വിദ്യാർത്ഥിനിയാണ്. അച്ഛൻ സന്തോഷ് കുമാർ.എസ് ചുമട്ടുതൊഴിലാളിയാണ്. അമ്മ ശാലിനി ദേവി.വി, അനിയത്തി പഞ്ചമി ഫാഷൻ ഡിസൈൻ വിദ്യാർത്ഥിയാണ്. ഇന്നലെ ഇരുവരും കേരള കൗമുദി ഓഫീസ് സന്ദർശിച്ച് പത്രാധിപർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.