കുളത്തൂർ: നഗരസഭാ തിരഞ്ഞെടുപ്പിൽ ആറ്റിപ്ര മേഖലയിൽ ഒരു സീറ്റ്‌വേണമെന്ന് പാർട്ടി പ്രദേശിക ഘടകത്തിൽ ആവശ്യം ശക്തമാകുന്നു. ഇക്കാര്യം എൽ.ഡി.എഫിൽ അവതരിപ്പിക്കാത്ത സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ നടപടിയിൽ പ്രാദേശിക ഘടകത്തിൽ പലർക്കും പ്രതിഷേധമുണ്ട്. ആറ്റിപ്ര സോണലിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ പാർട്ടി ആറ്റിപ്ര ലോക്കൽ കമ്മിറ്റിയിലെ ചില അംഗങ്ങൾ തീരുമാനിച്ചതായും സൂചനയുണ്ട്. ആറ്റിപ്ര പഞ്ചായത്ത് ആയിരുന്നപ്പോഴും നഗരസഭയിൽ ലയിപ്പിച്ചശേഷവും സി.പി.ഐയെ സി.പി.എം അവഗണിക്കുന്നുവെന്നാണ് പ്രവർത്തകരുടെ ആക്ഷേപം.ആറ്റിപ്ര മേഖലയിൽ ആകെയുള്ള നാല് നഗരസഭാ സീറ്റിലും സി.പി.എം സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ആറ്റിപ്രയിൽ ഒരു സീറ്റ് വേണമെന്നാണ് സി.പി.ഐ പ്രവർത്തകരുടെ ആവശ്യം.ആറ്റിപ്ര ലോക്കൽ കമ്മറ്റി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കപ്പെടാത്തതിലാണ് പ്രവർത്തകർക്ക് അമർഷം. പൗണ്ടുകടവ് ,പള്ളിത്തുറ,കുളത്തൂർ ,ആറ്റിപ്ര എന്നീ നാല് വാർഡുകളാണ് ആറ്റിപ്ര സോണൽ പരിധിയിൽ വരുന്നത്. കഴിഞ്ഞ തവണ സി.പി.എം പരാജയപ്പെട്ട ആറ്റിപ്ര സീറ്റാണ് ഇക്കുറി സി.പി.ഐ ലക്ഷ്യമിടുന്നത്.