കല്ലറ:തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും സ്ഥാനാർത്ഥി നിർണയ ചർച്ച എങ്ങുമെത്താത്ത സ്ഥിയിലാണ് പാങ്ങോട്.ഒരു മുന്നണിയ്ക്കും ഒരുകാലത്തും വ്യക്തമായ മുൻതൂക്കം ലഭിക്കാത്ത പഞ്ചായത്താണിത്.മുന്നണികൾ രണ്ടായിരുന്നപ്പോഴും പിന്നീട് എണ്ണം കൂടിയപ്പോഴും സ്ഥിതി ഇതു തന്നെ.കഴിഞ്ഞ കാലങ്ങളിലെ തിരഞ്ഞെടുപ്പ് ചിത്രങ്ങൾ മുന്നിലുള്ളതിനാൽ വളരെ കരുതലോടെയാണ് ഇത്തവണ മുന്നണികൾ.മറ്റിടങ്ങളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയായപ്പോഴും പാങ്ങോട്ട് അവസാന വട്ട ചർച്ചകൾ നടക്കുന്നതേയുള്ളൂ.

2015-ൽ ആദ്യം പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന്റെ കൈയിലും തുടർന്ന് കോൺഗ്രസിലേക്കും പോയി.ആദ്യ

പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ,യു.ഡി.എഫിനും വെൽഫെയർ പാർട്ടി,എൽ.ഡി.എഫിനും അനുകൂല നിലപാടെടുത്തു.വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് എസ്.ഡി.പി.ഐഎൽ.ഡി.എഫിനെ അനുകൂലിച്ചു.തുടർന്ന് എൽ.ഡി.എഫിലെ ആർ.സുഭാഷ് വൈസ് പ്രസിഡന്റായി.ബി.ജെ.പി അംഗങ്ങൾ രണ്ടു തിരഞ്ഞെടുപ്പിലും വിട്ടു നിന്നു.രണ്ടു വർഷം പിന്നിട്ടപ്പോൾ വെൽഫെയർ പാർട്ടി എൽ.ഡി.എഫുമായുള്ള ധാരണ പിൻവലിക്കുകയും അവിശ്വാസത്തിലൂടെ എൽ.ഡി.എഫിലെ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം പിടിച്ചെടുക്കുകയും ചെയ്തു.എൽ.ഡി.എഫ് അംഗമായിരുന്ന ചിത്ര കുമാരിക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് നടന്ന ഉപ തിരഞ്ഞെടുപ്പിൽ യു ഡി.എഫാണ് വിജയിച്ചതും തുടർന്ന് ഭരണം യു.ഡി.എഫിന്റെ കൈയിലാവുകയും ചെയ്തു.

കരുത്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കി ഇക്കുറി എതിരാളികളെ തറ പറ്റിക്കാനാണ് മുന്നണികളുടെ ശ്രമം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലുണ്ടായ വീഴ്ചകൾ ആവർത്തിക്കാതിരിക്കാനും വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താനുമാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ശ്രമം.ഇരു മുന്നണികൾക്കും കനത്ത വെല്ലുവിളി സമ്മാനിക്കുമെന്ന് എൻ ഡി.എ നേതാക്കളും പറയുന്നു.