ramesh

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി സ്വർണക്കടത്തടക്കമുള്ള അഴിമതികളിലെ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബോധപൂർവം ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അന്വേഷണം തന്നിലേക്കും വരുമെന്ന് കണ്ടപ്പോഴാണ് മുഖ്യമന്ത്രിക്ക് മനംമാറ്റമുണ്ടായത്.

അഴിമതി മൂടിവയ്‌ക്കാൻ ധാർമ്മികതയുടെ പുരപ്പുറത്ത് കയറി നിന്ന് പ്രസംഗിക്കുന്ന മുഖ്യമന്ത്രി സ്വയം എന്താണ് ചെയ്യുന്നതെന്ന് ആലോചിക്കണം. രാഷ്ട്രീയ പകപോക്കലിനായാണ് യു.ഡി.എഫ് നേതാക്കൾക്കെതിരെ കള്ളക്കേസുകളെടുക്കുകയാണ്. പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികൾക്കെതിരെ കള്ളക്കേസെടുക്കുന്ന പിണറായിക്ക് കേന്ദ്ര ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നുവെന്ന് പറയാൻ എന്ത് ധാർമ്മികാവകാശമാണുള്ളത്?

തങ്ങൾ എന്തഴിമതിയും നടത്തും, അതാരും അന്വേഷിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അന്വേഷണം മുൻവിധിയുടെ അടിസ്ഥാനത്തിലാവരുതെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ വലിയ തമാശയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ മയക്കുമരുന്നു കച്ചവടക്കേസിൽ അന്വേഷണ ഏജൻസികൾ പിടികൂടി ചോദ്യം ചെയ്യുമ്പോൾ മുഖ്യമന്ത്രിക്ക് രോഷം വരുന്നത് സ്വാഭാവികമാണ്.

അന്വേഷണ ഏജൻസികളെ പുറത്തുള്ളയാളുകൾ നിയന്ത്രിക്കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി അതാരാണെന്ന് വ്യക്തമാക്കാത്തതെന്തുകൊണ്ട്? നരേന്ദ്ര മോദിയെയും അമിത് ഷായെയും പിണറായി എന്തിനാണിത്ര പേടിക്കുന്നത്? ബി.ജെ.പിയുടെ സഹായം ഏറ്റവും കൂടുതൽ നേടിയിട്ടുള്ളത് പിണറായി വിജയനാണ്. ലാവ്‌‌ലിൻ കേസ് ഇരുപത് തവണ മാറ്റിവച്ചതിന് പിന്നിൽ സി.പി.എം- ബി.ജെ.പി ധാരണയാണ്.

ശിവശങ്കർ വിജിലൻസ് കേസിൽ പ്രതിയായതിനാൽ വിജിലൻസ് വകുപ്പ് മുഖ്യമന്ത്രി തുടർന്നും കൈകാര്യം ചെയ്യുന്നത് ശരിയല്ല. അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം തന്നെ രാജിവയ്‌ക്കണം.