തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ-ഫോൺ, ഇ-മൊബിലിറ്റി, ടോറസ് ഡൗൺടൗൺ, സ്‌മാർട്ട്സിറ്റി വികസനം തുടങ്ങിയ വൻപദ്ധതികളിൽ കള്ളപ്പണ, ബിനാമി ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണം തടയാൻ സർക്കാരിനാവില്ല. എം.ശിവശങ്കറിനെയും സ്വപ്നയടക്കമുള്ള സ്വർണക്കടത്ത് പ്രതികളെയും ചോദ്യം ചെയ്തപ്പോൾ ലഭിച്ച കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനാണ് ഇ.ഡി ഒരുങ്ങുന്നത്.
കരാറുകൾ നേടിയെടുക്കുന്നതിലടക്കം ബിനാമി ഇടപാടുകളുണ്ടോയെന്ന് കണ്ടെത്താനാണ് രേഖകൾ തേടി ഇ.ഡി ചീഫ്സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്. 2002ലെ പ്രിവൻഷൻ ഒഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം, കള്ളപ്പണ, ബിനാമി ഇടപാടുകൾ അന്വേഷിക്കാൻ വിപുലമായ അധികാരമാണ് ഇ.ഡിക്കുള്ളത്. സെക്ഷൻ 54പ്രകാരം കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥർ ഇ.ഡിയുടെ അന്വേഷണത്തെ സഹായിക്കണം. ആവശ്യപ്പെടുന്ന രേഖകൾ നൽകണം. കള്ളപ്പണ- ബിനാമി ഇടപാടുകളിലെ അന്വേഷണവുമായി സഹകരിക്കാതിരുന്നാൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുക്കാം. അതിന് സുരക്ഷയൊരുക്കുന്നത് സി.ഐ.എസ്.എഫാണ്.
കൊച്ചി സ്‌മാർട്ട്സിറ്റി വികസനത്തിന് യു.എ.ഇയിലെ കമ്പനികളുമായുള്ള ഇടപാടുകൾക്ക് സ്വപ്നാസുരേഷിനെ നിയോഗിച്ചതായി ശിവശങ്കർ സമ്മതിച്ചിട്ടുണ്ട്. കെ-ഫോണിൽ ടെൻഡർ തുകയേക്കാൾ 49% കൂട്ടിയാണ് കരാർ നൽകിയത്. 1028 കോടിയായിരുന്നു ടെൻഡർ തുകയെങ്കിൽ, മന്ത്രിസഭാ തീരുമാനം കാക്കാതെ ശിവശങ്കർ ഇടപെട്ട് 1531 കോടിക്ക് കരാർ നൽകി. ഒരു പദ്ധതിയിൽ 30 കോടി കോഴ ദുബായിൽ കൈമാറി.
കൺസൾട്ടൻസികളും പരിശോധനയിൽ
വൻകിട പദ്ധതികളിൽ കള്ളപ്പണ-കോഴയിടപാടുകൾക്ക് കൺസൾട്ടൻസികൾ വഴിയൊരുക്കിയെന്ന് ഇ.ഡി
കെ-ഫോൺ പദ്ധതിയിൽ ഏഴ് കൺസൾട്ടൻസി ഇടപാടുകളിൽ ചെലവഴിച്ചത് 3.32 കോടി
ഇ-മൊബിലിറ്റി പദ്ധതി ധനവകുപ്പ് എതിർത്തതോടെ, ലണ്ടനിലെ പ്രൈസ് വാട്ടർഹൗസ്‌കൂപ്പർ കമ്പനിയെ കൺസൾട്ടന്റാക്കി പദ്ധതി നടപ്പാക്കാൻ ശ്രമിച്ചു.
'സർക്കാരിന്റെ പദ്ധതികളിലെ അനധികൃത പണമിടപാട് അന്വേഷിക്കാൻ ഇ.ഡിക്ക് അധികാരമുണ്ട്. സർക്കാരിന്റെ ഭരണഘടനാപരമായ അവകാശങ്ങളിൽ കടന്നുകയറുകയല്ല ചെയ്യുന്നത്. കള്ളപ്പണ ഇടപാടിലെ അനുബന്ധ കാര്യങ്ങളും അന്വേഷിക്കാം".
-ജസ്റ്റിസ് ബി.കെമാൽപാഷ, റിട്ട.ഹൈക്കോടതി ജഡ്ജി