nagarasabha-stadium

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ വക ഡോ. ജി.ആർ. സ്മാരക ഇൻഡോർ സ്റ്റേഡിയം കാടുകയറി നശിച്ചിട്ടും നവീകരിക്കാൻ നടപടി സ്വീകരിക്കുന്നില്ല. നഗരസഭ ഭരണസമിതിയുടെ അധികാര കാലയളവിലാണ് സ്റ്റേഡിയം കായിക പ്രേമികൾക്കായി തുറന്ന് നൽകുമെന്ന് പ്രഖ്യാപിച്ചത്. ക്രിക്കറ്റ്, ബാഡ്മിന്റൺ, ഫുട്‌ബാൾ തുടങ്ങിയവയുടെ പരിശീലനങ്ങൾക്ക് നൽകാനായിരുന്നു തീരുമാനം. എന്നാൽ ഇത്രയും കാലമായിട്ടും സ്റ്റേഡിയം കായിക പ്രേമികൾക്കായി തുറന്ന് നൽകാൻ കഴിഞ്ഞില്ല. ആയിരക്കണക്കിന് വരുന്ന കായികപ്രേമികൾ ധനുവച്ചപുരത്തെ കോളേജ് ഗ്രൗണ്ടിലും തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിലും എത്തിയാണ് പരിശീലനം നടത്തുന്നത്. കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ബുദ്ധിമുട്ടും സാമ്പത്തിക ബാദ്ധ്യതകളുമുണ്ട്. കാടുകയറി വിജനമായ സ്റ്റേഡിയത്തിൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. കായിക പ്രേമികൾക്ക് വിട്ട് നൽകാത്ത സ്റ്റേഡിയം വിവിധയോഗങ്ങൾക്കും സമ്മേളനങ്ങൾക്കും മറ്റും ദിവസ വാടകയ്ക്ക് നൽകുക പതിവാണ്. ഈ ഇനത്തിൽ വൻതുക നഗരസഭയ്ക്ക് ലഭിക്കാറുണ്ട്. ഇത്തരത്തിൽ കിട്ടുന്ന വരുമാനം ഉപയോഗിച്ചുപോലും സ്റ്റേഡിയം നവീകരിക്കാൻ നഗരസഭ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അധികൃതരുടെ അഭ്യർത്ഥന മാനിച്ചാണ് ഡോ. ജി.ആർ. സ്മാരക മാധവി മന്ദിരം ലോകസേവ ട്രസ്റ്റ് പ്രതലം നിരപ്പാക്കി ചുറ്റുമതിൽ കെട്ടിയും പ്രവേശനകവാടം സ്ഥാപിച്ചും സ്റ്റേഡിയം നവീകരിച്ച് നഗരസഭയ്ക്ക് കൈമാറിയത്. സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക പ്രേമികൾക്കൊപ്പം മാധവി മന്ദിരം ലോക സേവ ട്രസ്റ്റിനും പ്രതിഷേധമുണ്ട്.