kkkk

തിരുവനന്തപുരം: അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ളാന്റ് നിർമ്മാണം അവസാനഘട്ടത്തിൽ. ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ പദ്ധതി ഉദ്ഘാടനം ചെയ്യാനുള്ള തിരക്കിട്ട ജോലികൾ പുരോഗമിക്കുകയാണ്. നാല് മാസത്തിനുള്ളിൽ പദ്ധതി കമ്മിഷൻ ചെയ്യുമെന്നാണ് വിവരം. കെട്ടിടം പണി പൂർണമായും തീർന്നു. ശുദ്ധീകരണ മെഷീനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കും. മുപ്പതോളം തൊഴിലാളികളാണ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. ' അമൃത് പദ്ധതിയിൽ ' ഉൾപ്പെടുത്തി കേന്ദ്ര, സംസ്ഥാന സർക്കാരുകളും നഗരസഭയും സംയുക്തമായാണ് നടപ്പാക്കുന്നത്. 3 ഏക്കർ സ്ഥലത്ത് 75 എം.എൽ.ഡി പ്ലാന്റാണ് സജ്ജമാകുന്നത്. 70 കോടിയാണ് ചെലവ്. 1973ൽ തുടങ്ങിയ 72 എം.എൽ.ഡി പ്ലാന്റ്, 99 ലെ 86 എം.എൽ.ഡി പ്ലാന്റ്, 2011ൽ നിർമ്മിച്ച 74 എം.എൽ.ഡി പ്ലാന്റ്, 36 എം.എൽ.ഡി ബൂസ്റ്റർ പമ്പ് ഹൗസ് എന്നിവയിലൂടെയാണ് നിലവിൽ ശുദ്ധജലമെത്തിക്കുന്നത്.

# പ്രതീക്ഷയോടെ

പുതിയ പ്ളാന്റ് പ്രവർത്തനം ആരംഭിച്ചാലും നിലവിലുള്ള പ്ളാന്റുകളും ഒരുമിച്ച് പ്രവർത്തിപ്പിച്ചാൽ മാത്രമേ നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുകയുള്ളൂവെന്നാണ് വിലയിരുത്തൽ. ആദ്യം നിർമ്മിച്ച 72എം.എൽ.ഡി പ്ളാന്റ് തകർന്ന് തരിപ്പണമായ അവസ്ഥയിലാണ്. അതിന്റെ അറ്റകുറ്റപ്പണിക്ക് അനുവദിച്ച 40 കോടി ഒന്നുമായില്ല. ഈ പ്ളാന്റുംകൂടി പ്രവർത്തന സജ്ജമാക്കിയാലേ ഉദ്ദേശിക്കുന്ന രീതിയിൽ നഗരത്തിൽ കുടിവെള്ളമെത്തിക്കാൻ കഴിയൂവെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പ്രതിദിനം നഗരത്തിന് വേണ്ടിവരുന്നത് 350 ദശലക്ഷം ലിറ്റർ വെള്ളമാണ്. എന്നാൽ ഇപ്പോൾ കിട്ടുന്നത് 240 ദശലക്ഷം ലിറ്റർ. പുതിയ പ്ളാന്റിൽ നിന്ന് കിട്ടുന്നത് 74 ദശലക്ഷം ലിറ്ററാണ്. പുതിയ പ്ളാന്റ് പ്രവർത്തിച്ചു തുടങ്ങിയാലും പഴയ പ്ളാന്റുകൾ നിലവിലുള്ള അളവിൽ പ്രവർത്തിച്ചാൽ തന്നെ 350 ദശലക്ഷം ലിറ്ററിൽ എത്താനാവില്ല. പഴയപ്ളാന്റിന്റെ അറ്റകുറ്റപ്പണി വിവാദത്തിൽ കുരുങ്ങി ഉപേക്ഷിച്ച മട്ടാണ്. പുതിയ പ്ളാന്റ് വരുന്നതോടെ അതിനെ പൂർണമായും കൈവിടാനാണ് സാദ്ധ്യത.

പുതിയ പ്ളാന്റ് വിഹിതം

#നിർമ്മാണ ചെലവ് : 70 കോടി

#കേന്ദ്ര വിഹിതം : 50 %

#സംസ്ഥാനം : 30 %

#നഗരസഭ : 20 %