dd

കൊല്ലം: വീടിന് മുന്നിലെ വഴിയിലേയ്ക്ക് മലിനജലം ഒഴുക്കുന്നതിനെ എതിർത്തതിന്റെ വൈരാഗ്യത്തിൽ യുവതിയെ കുത്തിക്കൊന്ന കേസിൽ അയൽവാസികളായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയെ സമീപിക്കും. കൊലപാതകം ആസൂത്രിതമാണോയെന്ന് കണ്ടെത്താനും കൂടുതൽ ചോദ്യം ചെയ്യാനും തെളിവുകൾ ശേഖരിക്കാനുമാണ് മുഖ്യപ്രതി ഉളിയക്കോവിൽ പഴയത്ത് ജംഗ്ഷൻ ഫാമിലി നഗറിൽ ഉമേഷ് ബാബു (62), ഭാര്യ ശകുന്തള (44), മകൾ മേഘ (20) എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ ആലോചിക്കുന്നത്.

ഉമേഷ് ബാബുവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഉളിയക്കോവിൽ പഴയത്ത് ജംഗ്ഷന് സമീപം സ്നേഹനഗറിൽ ദാമോദർ മന്ദിരത്തിൽ മോസസ് ദാമോദർ - ലീന മോസസ് ദമ്പതികളുടെ മകൾ അഭിരാമിയുടെ (24) മൃതദേഹം തിങ്കളാഴ്ച സംസ്കരിച്ചു. ഗൾഫിലായിരുന്ന പിതാവ് ദാമോദർ നാട്ടിലെത്തിയശേഷമായിരുന്നു സംസ്കാരം. ഉമേഷ് ബാബുവിനെ കൊലപാതകത്തിന് സഹായിച്ചെന്ന കുറ്റം ചുമത്തിയാണ് ശകുന്തളയെയും മകൾ സൗമ്യയെയും അറസ്റ്റ് ചെയ്തത്. അഭിരാമിയുടെ അമ്മ ലീനയെ കൊലപ്പെടുത്താൻ പ്രകോപിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തുകയും കുതറിപ്പോകാതെ പിടിച്ചുനിറുത്തുകയും ചെയ്തുവെന്നതാണ് ഇവ‌ർക്കെതിരെയുള്ള കുറ്റം. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ലീന അയൽവാസിയുടെ വീട്ടിലേക്ക് പോകവേ ഉമേഷിന്റെ ഭാര്യയും മകളും മൊബൈലിൽ പകർത്തി. ഇതു ചോദ്യം ചെയ്തതോടെ കത്തിയുമായി പാഞ്ഞെത്തിയ ഉമേഷ് ലീനയെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റു. നിലവിളി കേട്ടെത്തിയ അഭിരാമിയെ അടിവയറ്റിൽ കുത്തിവീഴ്ത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയായ ലീനയെ മകളുടെ സംസ്കാര ചടങ്ങിൽ പങ്കെടുപ്പിച്ചശേഷം വീണ്ടും ആശുപത്രിയിലേക്ക് മാറ്റി.