cpm

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിന് മേൽ എൻഫോഴ്സ്‌മെ‌ന്റ് ഡയറക്ടറേറ്റ് കുരുക്ക് മുറുക്കുന്നത് ആകാംക്ഷയോടെ ഉറ്റുനോക്കി സി.പി.എം കേന്ദ്രങ്ങൾ. ബിനീഷിനെ തള്ളി പാർട്ടി നിലപാട് വ്യക്തമാക്കിയെങ്കിലും, കേസിന്റെ മുന്നോട്ടുള്ള പോക്കിലുള്ള ആശയക്കുഴപ്പം പാർട്ടിയെയും ഇടതുമുന്നണിയെയും പൊതിയുന്നു. അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞുവരുന്ന കോടിയേരി ബാലകൃഷ്ണൻ, തുടർ ചികിത്സയ്ക്കായി അവധിയെടുക്കുമെന്ന അഭ്യൂഹങ്ങളും പരക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ, ഭാരിച്ച ജോലികൾ പാർട്ടി സെക്രട്ടറിയെന്ന നിലയിൽ കോടിയേരിക്ക് ഏറ്റെടുക്കേണ്ടിവരും. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, തത്കാലം ചികിത്സാർത്ഥം മാറി നിൽക്കുന്നത് ഗുണകരമാകുമെന്ന ചിന്തയുമുണ്ടെന്നാണ് സൂചന. തിരഞ്ഞെടുപ്പു കാലത്ത് എതിരാളികളെ നിശബ്ദരാക്കാൻ ഇത് സഹായിച്ചേക്കാം. ഇക്കാര്യത്തിൽ പാർട്ടി തീരുമാനമാണ് പ്രധാനം. ആരോഗ്യപരമായ കാരണങ്ങളുണ്ടെങ്കിൽപ്പോലും സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിൽക്കേണ്ട സാഹചര്യമില്ലെന്നാണ് സി.പി.എം കേന്ദ്രങ്ങൾ ആവർത്തിക്കുന്നത്. സെക്രട്ടറി തത്കാലം മാറിനിൽക്കുമെന്ന അഭ്യൂഹങ്ങൾ പാർട്ടി തള്ളുന്നു.

അതിനിടെ, ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുമെന്ന സൂചനകളും പുറത്തുവന്നു. കോടിയേരി എ.കെ.ജി സെന്റർ വക ഫ്ലാറ്റിലാണ് താമസമെന്നതിനാൽ, ബിനീഷിന്റെ വീട്ടിൽ പരിശോധന നടന്നാലും അതിന്റെ പേരിൽ കോടിയേരിക്കെതിരെ ആക്ഷേപമുന്നയിക്കാനാവില്ല. അസുഖബാധിതനായ ഘട്ടത്തിൽ മാത്രമാണ് അല്പനാൾ കോടിയേരി മകന്റെ വീട്ടിൽ താമസിച്ചത്. ഈ ഘട്ടത്തിൽ കോടിയേരി മാറി നിൽക്കുന്നത് ബിനീഷിനെതിരായ കുറ്റാരോപണങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വം പാർട്ടി ഏറ്റെടുക്കുന്നതിന് തുല്യമായി എതിരാളികൾ വ്യാഖ്യാനിക്കാനിടയുണ്ടെന്നും പാർട്ടി കാണുന്നു.

അതിനിടെ ആറ്, ഏഴ് തീയതികളിലെ പാർട്ടി നേതൃയോഗങ്ങൾ നിർണായകമാണ്. ആറ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ഏഴിന് സംസ്ഥാന സമിതിയും ചേരും. കോടിയേരി മാറിനിൽക്കാൻ തീരുമാനിച്ചാൽ, പകരം സെന്ററിന്റെ ചുമതലയുള്ള കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദനോ മുതിർന്ന പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയോ താത്കാലിക ചുമതലയിലെത്തുമെന്നാണ് സംസാരം.