തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2019ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് സംസ്ഥാന സർക്കാരിന്റെ ഈ പരമോന്നത ചലച്ചിത്ര പുരസ്‌കാരം. എം.ടി. വാസുദേവൻ നായർ ചെയർമാനും സംവിധായകൻ ഹരികുമാർ, നടി വിധുബാല, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ അറിയിച്ചു. അരനൂറ്റാണ്ടിലധികമായി ചലച്ചിത്ര രംഗത്ത് നിറഞ്ഞുനിൽക്കുന്ന ഹരിഹരൻ ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായ നിരവധി സിനിമകൾ സമ്മാനിച്ചെന്ന് സമിതി വിലയിരുത്തി. കോഴിക്കോട് പള്ളിപ്പുറം സ്വദേശിയായ ഹരിഹരൻ സ്‌കൂൾ അദ്ധ്യാപകനും സംഗീതജ്ഞനുമായ എൻ. മാധവൻ നമ്പീശന്റെയും പാർവതി ബ്രാഹ്മണിയമ്മയുടെയും മകനാണ്. ഭവാനിയമ്മയാണ് ഭാര്യ. മക്കൾ: ഡോ.പാർവതി, ഗായത്രി, ആനന്ദ് കിഷോർ. ചെന്നൈ നുങ്കംപക്കത്താണ് ഹരിഹരൻ ഇപ്പോൾ താമസിക്കുന്നത്.