തിരുവനന്തപുരം: എട്ടുമാസത്തിന് ശേഷം മ്യൂസിയത്തിന്റെയും മൃഗശാലയുടെയും കവാടങ്ങൾ ഇന്നലെ കാഴ്ചക്കാർക്കായി തുറന്നു. പുലർച്ചെ നാലുമണിക്ക് പ്രധാന വാതിൽ തുറന്നെങ്കിലും വ്യായാമത്തിനും മൃഗങ്ങളെ കാണാനും വലിയ തിരക്ക് ഉണ്ടായില്ല. രാവിലെയും വൈകിട്ടും നടക്കാനെത്തുന്നവർക്ക് മ്യൂസിയം കവാടം തുറന്നത് ഏറെ ആശ്വാസമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു ദിശയിലേക്ക് മാത്രമാണ് എല്ലാവരെയും നടക്കാൻ അനുവദിക്കുന്നത്. റേഡിയോ പാർക്കിലെ ബെഞ്ചുകളിൽ വിശ്രമിക്കുന്നതിന് അനുവാദമുണ്ട്. മൃഗശാലയിലെ നടപ്പാതകളിൽ വീണ്ടും കാൽപ്പെരുമാറ്റം കേട്ടുതുടങ്ങിയതോടെ പക്ഷികളും മൃഗങ്ങളും ഊർജ്ജസ്വലരായി. പുതുതായി തയ്യാറാക്കിയ ശലഭ പാർക്കിൽ നൂറുക്കണക്കിന് ശലഭങ്ങളാണിപ്പോഴുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ശലഭപാർക്ക് പുതിയ അനുഭവമായി. വരും ദിവസങ്ങളിൽ പതിവുപോലെ സഞ്ചാരികൾ മ്യൂസിയത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.