തിരുവനന്തപുരം: ജർമ്മൻ കോൺസൽ ജനറൽ അചിം ബുർകാർട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ജർമ്മനി സർക്കാരിന്റെ ബാങ്കായ കെ.എഫ്.ഡബ്ലിയു മുഖേനയുള്ള ക്ലീൻ എനർജി ഇനിഷ്യേറ്റീവ്, സോളാർ പദ്ധതികളിലെ പങ്കാളിത്തത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കൊച്ചിൻ സ്മാർട്ട് സിറ്റി മിഷൻ, കൊച്ചി വാട്ടർ മെട്രോ, കേരള പുനർനിർമ്മാണ പദ്ധതി എന്നിവ കെ.എഫ്.ഡബ്ലിയുവിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ ലോകത്തെ ആദ്യത്തെ സമ്പൂർണ സോളാർ എയർപോർട്ടാക്കിയത് ജർമ്മൻ കമ്പനിയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ സെന്ററുകളിൽ ജർമ്മൻ ഭാഷാപഠനത്തിന് പ്രാമുഖ്യം നൽകുമെന്ന് കോൺസൽ ജനറൽ പറഞ്ഞു. കേരളത്തിൽ നിന്ന് ജർമ്മനിയിലേക്ക് പോകുന്ന ആരോഗ്യപ്രവർത്തകർക്ക് നൈപുണ്യവികസനത്തിനായി വിദഗ്‌ദ്ധ പരിശീലനം നൽകാൻ സൗകര്യമൊരുക്കുന്നത് നന്നാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.