ajitha

തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയ്‌ക്ക് കേന്ദ്രസർക്കാർ 580കോടിയുടെ ആദ്യ ഗഡു അനുവദിച്ചതിന് പിന്നാലെ, നാലുവർഷത്തിനിടെ എട്ട് മാവോയിസ്റ്റുകളെ പൊലീസ് വധിച്ചത് വ്യാജ ഏറ്റുമുട്ടലുകളിലാണെന്ന ആക്ഷേപം ശക്തമായി. ഈ കാലയളവിൽ മൊത്തം ആയിരം കോടി രൂപ മാവോയിസ്റ്റ് വേട്ടയ്‌ക്ക് കേന്ദ്രം അനുവദിച്ചെന്നാണ് അറിയുന്നത്. മാവോയിസ്റ്റ് വേട്ടയിലൂടെ കൂടുതൽ കേന്ദ്രഫണ്ട് നേടാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.

മാവോയിസ്റ്റുകളെ കൊന്നൊടുക്കുകയല്ല, രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നാണ് സിപിഐ നേതാവ് ബിനോയ്‌വിശ്വത്തിന്റെ നിലപാട്.

രോഗികളായ മാവോയിസ്റ്റുകളെ പോലും പിടികൂടി തലയ്ക്ക് വെടിവച്ച് വീഴ്‌ത്തുകയാണെന്നാണ് ആരോപണം. മുൻകാല എസ്.എഫ്.ഐ നേതാവ് സി. പി ജലീലും തലയ്ക്കുപിന്നിൽ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ജലീലിന്റെ തോക്കിൽ നിന്ന് വെടി ഉതിർത്തിട്ടില്ലെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതാണ് ഏറ്റുമുട്ടലുകൾ വ്യാജമാണെന്ന സംശയമുയർത്തിയത്. പിന്നീട് മജിസ്റ്റീരിയൽ അന്വേഷണത്തിൽ പൊലീസിന് ക്ലീൻചിറ്റായിരുന്നു.

മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗം കുപ്പുദേവരാജും സഹായി അജിതയും കൊല്ലപ്പെട്ട നിലമ്പൂരിലെ ഏറ്റുമുട്ടലിൽ മനുഷ്യാവകാശ കമ്മിഷൻ സംശയം പ്രകടിപ്പിച്ചിരുന്നു. അജിതയുടെ ശരീരത്തിൽ 19 വെടിയുണ്ടകളേറ്റിരുന്നു. തമിഴ്നാട്ടിൽ വിദ്യാർത്ഥിയായ മകളെ കെണിയാക്കി രോഗബാധിതനായ കുപ്പുദേവരാജിനെ കുരുക്കിയെന്നാണ് ആക്ഷേപം. മിക്ക ഏറ്റുമുട്ടലുകളിലും എത്ര ദൂരത്തുനിന്നാണ് വെടിവച്ചതെന്ന് ആയുധങ്ങളുടെ ഫോറൻസിക് പരിശോധന നടത്തി കണ്ടെത്തിയിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ ഇഴയുകയാണ്.

എട്ട് കൊലകൾ

@2016നവംബർ 24ന് മലപ്പുറത്തെ കരുളായി വനത്തിൽ കുപ്പുദേവരാജും സഹായി അജിതയും (കാവേരി) കൊല്ലപ്പട്ടു. കുപ്പുവിന് വെടിയേറ്റത് പിന്നിൽ നിന്ന്

@2019മാർച്ച് 6ന് വയനാട്ട് ലക്കിടിയിലെറിസോർട്ടിൽ സി.പി.ജലീൽ കൊല്ലപ്പെട്ടു. തലയ്ക്കു പിന്നിലേറ്റ വെടിയുണ്ട നെറ്റിതുളച്ചു.

@2019ഒക്ടോബർ 28ന് പാലക്കാട്ടെ മഞ്ചക്കണ്ടി വെടിവയ്പ്പിൽ ചിക്കമംഗളൂർ സ്വദേശികളായ ശ്രീമതി, സുരേഷ്, കാർത്തി, മണിവാസകം എന്നിവർ കൊല്ലപ്പെട്ടു.

@എട്ടാമത്തെ കൊലയാണ് ഇന്നലെ വയനാട്ടിലുണ്ടായത്.

36

മാവോയിസ്റ്റുകൾക്കായാണ് തണ്ടർബോൾട്ടിന്റെ വേട്ട. 16കർണാടകക്കാരിൽ 12ഉം വനിതകളാണ്.

''അപ്രതീക്ഷിതമായി മാവോയിസ്റ്റുകൾ പൊലീസിനെ വെടിവയ്ക്കുന്നത് പതിവാണ്. പൊലീസ് തിരിച്ച് വെടിവയ്ക്കുമ്പോൾ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടേക്കാം. മാവോയിസ്റ്റുകൾ വ്യാജപ്രചാരണം നടത്തുന്നത് സ്വാഭാവികമാണ്.''

ദുർഗാപ്രസാദ്

സി.ആർ.പി.എഫ് മുൻ മേധാവി