1

തിരുവനന്തപുരം: സപ്ലൈകോ നേരിട്ടു നടത്തുന്ന ആദ്യ പൊതുവിതരണ കേന്ദ്രം പുളിമൂട് സപ്ളൈകോ മാർക്കറ്റിനു സമീപം പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി. തിലോത്തമൻ ഓൺലൈനായി ഉദ്ഘാടനം ചെയ്‌തു. റേഷൻ വ്യാപാരികൾക്ക് ആശങ്ക വേണ്ടെന്നും റേഷൻ കടകളെല്ലാം സർക്കാർ ഏറ്റെടുത്ത് നടത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. ലൈസൻസി സറണ്ടർ ചെയ്‌ത കടയാണ് സപ്ലൈകോ മാതൃകാ പൊതുവിതരണ കേന്ദ്രമായി നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കൗൺസിലർ വഞ്ചിയൂർ ബാബു അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ, സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി കുമാർ, സപ്ലൈകോ എം.ഡി ആർ. രാഹുൽ എന്നിവർ ഓൺലൈനായി പങ്കെടുത്തു.