lll

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സുരക്ഷാ ഉദ്യാേഗസ്ഥരുടെ അനുമതിയില്ലാതെ ഒരു ഈച്ചപോലും കയറില്ല. സുരക്ഷ കർശനമാക്കിയതോടെ സെക്രട്ടേറിയറ്റ് ജീവനക്കാർക്കും പൊല്ലാപ്പായി. ഐഡന്റിറ്റി കാർഡില്ലാത്ത ആരെയും കടത്തിവിടില്ല. ജീവനക്കാരാണെന്ന് പറഞ്ഞിട്ടും കാര്യമില്ല. കാർഡ് പൊലീസുകാരെ കാണിക്കണം. അതേസമയം, പൊലീസുകാരുടെ മുന്നിൽ കാർഡ് കാണിക്കാൻ പറ്റില്ലെന്നും പഴയ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചാൽ മതിയെന്നും കാണിച്ച് സെക്രട്ടേറിയറ്റ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകി. ഇന്ന് ചേരുന്ന സുരക്ഷാസമിതി ഇത് വിലയിരുത്തിയേക്കും.

# കർശന പരിശോധന

നാല് ഗേറ്റിലും അനക്‌സ് ഒന്നിലും രണ്ടിലും തോക്കുധാരികളുടെ കനത്ത സുരക്ഷയാണ്. എസ്.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ ഇരുനൂറോളം പേരാണ് കാവൽ നിൽക്കുന്നത്. ഇതിന് പുറമേ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളുടെ പ്രവേശന കവാടത്തിലും ചുറ്റുമതിലിന് അകത്തും പുറത്തും കാവലാണ്. മുൻവശത്തെ മതിലിനകത്ത് ഒരു മീറ്റർ അകലത്തിലും പിന്നിലും തെക്കും വടക്കും മൂന്ന് മീറ്റർ അകലത്തിലും എസ്.ഐ.എസ്.എഫ് നിലയുറപ്പിച്ചു.

#പാർക്കിംഗിന് നിയന്ത്രണം

സെക്രട്ടേറിയറ്റിനുള്ളിലെ പാർക്കിംഗിനും നിയന്ത്രണമുണ്ട്. അത്യാവശ്യമല്ലാത്തവരുടെ വാഹനങ്ങൾ സെക്രട്ടേറിയറ്റ് വളപ്പിനുള്ളിലും പുറത്ത് മതിലിനടത്തും പാർക്ക് ചെയ്യാൻ അനുവദിക്കില്ല. മന്ത്രിമാരടക്കം വി.ഐ.പികൾക്കുള്ള കന്റോൺമെന്റ് ഗേറ്റിൽ 15 പേരാണ് കാവലുള്ളത്.

#സുരക്ഷക്കാർ അനുഗമിക്കും

വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലെത്തുന്നവർക്ക് പ്രവേശനം തെക്ക് വശത്തെ പാസ് നൽകുന്ന കെട്ടിട ഗേറ്റ് വഴിയാണ്. ഇങ്ങനെ എത്തുന്നവരെ സുരക്ഷാ ജീവനക്കാർ അനുഗമിക്കും. സ്‌കാനർ പരിശോധനയിലൂടെയാണ് പാസ് നൽകുന്നത്. പഴുതടച്ച സുരക്ഷയ്ക്കായി സി.സി ടി വി, ലൈറ്റുകൾ, ആധുനിക സംവിധാനങ്ങൾ എന്നിവയുമുണ്ട്.

#സെക്യൂരിറ്റി കമ്മിറ്റി

സെക്രട്ടേറിയറ്റ് സെക്യൂരിറ്റി കമ്മിറ്റിയുടെ ചെയർമാൻ ചീഫ് സെക്രട്ടറിയാണ്. പൊതുഭരണ വകുപ്പ് സെക്രട്ടറി, ധനകാര്യ, ആഭ്യന്തര സെക്രട്ടറിമാർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർ അംഗങ്ങളും എസ്.ഐ.എസ്.എഫ് കമാൻഡന്റ് കൺവീനറുമാണ്. കമ്മിറ്റി ആഴ്ചതോറും സുരക്ഷ വിലയിരുത്തും.