personal-data

തിരുവനന്തപുരം: അന്താരാഷ്ട്ര മരുന്ന് കമ്പനികൾക്കായി കരാർ ജോലി ചെയ്യുന്ന കാനഡയിലെ പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് സംസ്ഥാനത്തെ പത്ത് ലക്ഷം പേരുടെ സ്വകാര്യ വിവരങ്ങൾ കൈമാറിയത് ആരോഗ്യമന്ത്രിയെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചാണെന്ന് സൂചന. ഇ- ഹെൽത്ത് പദ്ധതിയുടെ മുന്നൊരുക്കത്തിനായി ആരോഗ്യ സർവേ നടത്തേണ്ടതുണ്ടെന്നും, കിട്ടുന്ന വിവരങ്ങൾ സർക്കാരിന്റെ ഡേറ്റ സെർവറിൽ ഭദ്രമായിരിക്കുമെന്നുമാണ് ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചത്. ഡേറ്റ വിശകലനം ചെയ്ത് സൂക്ഷിക്കാൻ കാനഡയിലെ പോപ്പുലേഷൻ ഇൻസ്റ്റിറ്റൂട്ട് വികസിപ്പിച്ച പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിക്കേണ്ടതുണ്ടെന്നും മന്ത്രിയെ വിശ്വസിപ്പിച്ചു. തുടർന്ന്, സർവേയ്ക്കായി സർക്കാർ നാലരലക്ഷം രൂപ അധികമായി അനുവദിച്ചു. ആക്ഷേപമുയർന്നപ്പോൾ, ഡേറ്റ സർക്കാർ സർവറിൽ സുരക്ഷിതമാണെന്ന് മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകി. മുൻസർക്കാരിന്റെ കാലത്ത് ഇടതുമുന്നണി എതിർത്ത കേരള ഹെൽത്ത് ഒബ്സർവേറ്ററി ബെയ്സ്ലൈൻ സ്റ്റഡിയെന്ന വിവാദ പരിപാടി തന്നെയാണ് ആരോഗ്യം നെറ്റ് വർക്ക് സർവേയെന്നതും ഉദ്യോഗസ്ഥർ മറച്ചുവച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുതൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ വരെയുള്ള വൻ ഉദ്യോഗസ്ഥ മാഫിയയാണ് ഡേറ്റ വിൽപനയ്ക്കും, അനധികൃത മരുന്നുപരീക്ഷണത്തിനും പിന്നിൽ പ്രവർത്തിച്ചതെന്നാണ് അറിയുന്നത്. അച്യുതമേനോൻ ഹെൽത്ത് സയൻസ് സ്റ്റഡീസിലെ പ്രൊഫസർമാർ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രൊഫസർ,ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥർ എന്നിവരും കാനഡയിലെ പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും, മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെയും ഗവേഷകരും പങ്കാളികളായി.

വില്പന സാങ്കേതിക സഹായ മറവിൽ

ഇ ഹെൽത്ത് പദ്ധതിയുടെ മുന്നൊരുക്കത്തിനായി നടത്തിയ കേരള ഇൻഫർമേഷൻ ഒാൺ റസിഡന്റ്സ് ആരോഗ്യം നെറ്റ് വർക്കിന്റെ ഭാഗമായാണ് പൊതുജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. ഏതൊക്കെ വിവരങ്ങൾ വേണമെന്ന് നിർദേശിച്ചത്, കാനഡയിലെ പോപ്പുലേഷൻ ഇൻസ്റ്റിറ്റ്യൂട്ടാണ്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരാണ് വീടുകൾ തോറും കയറിയിറങ്ങി വിവരങ്ങളെടുത്തത്. ഇതിനായി ടാബലറ്റ് കമ്പ്യൂട്ടറും നൽകി. ശേഖരിച്ച വിവരങ്ങൾ അപ്പോൾ തന്നെ കാനഡ പോപ്പുലേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെർവറിലേക്ക് പോയി. ഒരു പകർപ്പ് സംസ്ഥാന ആരോഗ്യവകുപ്പിനും ലഭിച്ചതിനാൽ, ഡേറ്റ ചോർത്തൽ കണ്ടെത്താനായില്ല.