വെഞ്ഞാറമൂട്: വട്ടപ്പാറ പൊലിസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 9 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 1ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ചിലർക്ക് ദേഹാസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ 6 പേർക്ക് രോഗം സ്ഥിരീകരിച്ചു. തുടർന്ന് കഴിഞ്ഞ 2നു നടത്തിയ പരിശോധനയിൽ രണ്ട് പേർക്കും, കഴിഞ്ഞ ദിവസം ഒരാൾക്കും ഉൾപ്പെടെ 9 പേർക്ക് രോഗം സ്ഥിരീകരിച്ചു. സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വട്ടപ്പാറ സ്റ്റേഷനിൽ 34 അംഗങ്ങളാണുള്ളത്. ഇതിൽ ഒരേസമയം 18 പേർ ഡ്യൂട്ടിയിലുണ്ടാകും. പുരുഷന്മാർക്ക് വസ്ത്രം മാറുന്നതിനും വിശ്രമിക്കുന്നതിനുമായി ആകെയുള്ളത് മുകൾനിലയിലെ ഒരു കുടുസു മുറി മാത്രമാണ്. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്തുപോലും മതിയായ ആരോഗ്യ സുരക്ഷിതത്വം പാലിക്കുന്നതിനുള്ള സൗകര്യങ്ങൾ സ്റ്റേഷനിൽ ഇല്ലെന്നത് പരിതാപകരമാണ്. 9 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടും സമ്പർക്ക പട്ടികയിലുള്ള മറ്റ് അംഗങ്ങൾ ക്വാറന്റൈനിൽ പ്രവേശിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.