abaya-case

തിരുവനന്തപുരം: സിസ്റ്റർ അഭയക്കേസിനു പിന്നിൽ ലൈംഗികബന്ധവും കൊലപാതകവുമാണെന്ന് തന്റെ അന്വേഷണത്തിൽ ബോദ്ധ്യമായതായി സി.ബി.എെ എസ്.പി. നന്ദകുമാർ നായർ പ്രത്യേക സി.ബി.എെ കോടതിയിൽ മൊഴി നൽകി. സിസ്റ്റർ അഭയയുടെ പിൻകഴുത്തിനു മുകളിലെ മുറിവുകൾ കെെക്കോടാലിയുടെ മൂർച്ചയേറിയ ഭാഗത്തു നിന്ന് ഉണ്ടായതാണെന്നും നെറുകയിലെ ആഴമേറിയ മുറിവ് കെെക്കോടാലിയുടെ കെെപ്പിടി കൊണ്ടുളള ശക്തമായ അടിയിൽ നിന്ന് ഉണ്ടായതാണെന്നും സാക്ഷി വിസ്താരത്തിൽ അദ്ദേഹം വ്യക്തമാക്കി. 1993 മാർച്ചിലാണ് സി.ബി.എെ കേസ് അന്വേഷണം ആരംഭിച്ചത്. 2008 ൽ താൻ കേസ് അന്വേഷണം ഏറ്റെടുത്തു. അതുവരെയുളള അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും നേരിട്ട് മൊഴി എടുത്ത നിരവധി സാക്ഷികളിൽ നിന്നു ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇക്കാര്യം കണ്ടെത്താനായതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാർ മൊഴി നൽകി. അന്വേഷണത്തിന്റെ ഭാഗമായി കോൺവെന്റിൽ എത്തിയപ്പോൾ കോൺവെന്റ് അധികാരികൾ പിൻഭാഗത്തെ ഉയരം കുറഞ്ഞ മതിൽ പണിചെയ്ത് ഉയർത്തിയിരുന്നു. ആ മതിലുവഴിയാണ് കേസിലെ പ്രതികളായിരുന്ന അച്ചൻമാർ കോൺവെന്റിൽ കടന്നതെന്നായിരുന്നു സി.ബി.എെ കണ്ടെത്തൽ. ഫോറൻസിക് വിദഗ്ദ്ധർ,മെഡിക്കൽ ലീഗോ വിഭാഗം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ എന്നിവരുമായി നടത്തിയ ചർച്ചകളിൽ നിന്നാണ് സിസ്റ്റർ അഭയയുടെ ദേഹത്ത് കാണപ്പെട്ട മുറിവുകളുടെ കാരണം ബോദ്ധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

കേസ് അന്വേഷണത്തിന്റെെ ഭാഗമായി 2008 നവംബർ 18 ന് ഫാദർ തോമസ്.എം.കോട്ടൂർ,ഫാദർ ജോസ് പൂതൃക്കയിൽ എന്നിവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇരുവരുടെയും മൊഴിയിൽ ഏറെ പൊരുത്തക്കേടുകൾ ഉണ്ടായതിനാൽ അറസ്റ്റ് ചെയ്തു. സിസ്റ്റർ സെഫിയെ അടുത്തദിവസം വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാകാത്തതിനാൽ അവരെയും പ്രതിയാക്കി എറണാകുളം സി.ജെ.എം കോടതിയിൽ റിപ്പോർട്ട് നൽകി. സെഫിയുടെ അനുമതിയോടെ അവരെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കി മെഡിക്കോ ലീഗൽ സർട്ടിഫിക്കറ്റ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വാങ്ങിയതായും നന്ദകുമാർ പറഞ്ഞു.

പൊലീസ് തെളിവു നശിപ്പിച്ചു

തുടക്കത്തിൽ കേസ് അന്വേഷിച്ച കേരള പൊലീസ് തെളിവുകൾ നശിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇൻക്വസ്റ്റിൽ തിരുത്തലുകൾ വരുത്തി വ്യാജ ഇൻക്വസ്റ്റ് തയ്യാറാക്കി. സംഭവ സ്ഥലത്തെ തെളിവുകൾ ശേഖരിക്കുന്നതിലും വൻ വീഴ്ച ഉണ്ടായി. വിരലടയാളങ്ങൾ എടുക്കുകയോ അവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയോ ചെയ്തില്ല. അന്വേഷണത്തിനെന്ന് പറഞ്ഞ് കോടതിയിൽ നിന്നു വാങ്ങിയ തൊണ്ടിമുതലുകൾ നശിപ്പിച്ചുകളഞ്ഞു. ക്രെെംബ്രാഞ്ച് എസ്.പി കെ. സാമുവൽ കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ട് സാമാന്യ യുക്തിക്ക്‌ നിരക്കാത്തതും ഭാവനയുമായിരുന്നു. പ്രതികൾക്കെതിരെ കണ്ടെത്തിയ തെളിവുകൾക്കെതിരായി യാതൊന്നും പ്രതികൾക്ക് വിശദീകരിക്കാൻ ഉണ്ടായിരുന്നില്ല. താൻ മൊഴി എടുത്ത ഫോറൻസിക് വിദഗ്ദ്ധൻ ഡോ. കന്ദസ്വാമി, അഭയയുടെ മൃതദേഹം പോസ്റ്റ് മാർട്ടം ചെയ്ത ഡോ. രാധാകൃഷ്ണൻ, കോൺവെന്റിനു സമീപം താമസിക്കുന്ന സഞ്ജു പി.മാത്യൂ,സ്ഥലവാസി കളർകോട് വേണു ഗോപാൽ നായർ എന്നിവരെ നേരത്തെ കോടതി സാക്ഷികളായി വിസ്തരിച്ചിട്ടുണ്ടെന്നും നന്ദകുമാർനായർ മൊഴി നൽകി.