തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടിൽ സി.ബി.ഐ സമർപ്പിച്ച എഫ്.ഐ.ആറിനെതിരെ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടിയ സംസ്ഥാന സർക്കാരിന്റെ സമാനനീക്കം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെയും.
കെ-ഫോൺ ഉൾപ്പെടെ സർക്കാരിന്റെ നാല് വൻകിട പദ്ധതികളുടെ പരിശോധനയ്ക്കുള്ള ഇ.ഡി നീക്കത്തിന് തടയിടുകയാണ് ലക്ഷ്യം. ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. . ഇന്ന് ചേരുന്ന മന്ത്രിസഭായോഗം വിഷയം ചർച്ച ചെയ്തേക്കും.
അന്വേഷണ ഏജൻസികൾ അധികാര പരിധി ലംഘിച്ച് കടന്നുകയറുന്നുവെന്ന് ആരോപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ഇതിനെ നിയമപരമായി നേരിടുമെന്ന് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. നാല് വൻകിട പദ്ധതികൾ പരിശോധിക്കാൻ ഇ.ഡിക്ക് അധികാരമില്ലെന്നാണ് സർക്കാർ നിലപാട്.. ഭരണഘടന പ്രകാരം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ചെലവും വരുമാനവും സി.എ.ജി പരിശോധിക്കുമെന്നിരിക്കെ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമനുസരിച്ച് അന്വേഷണ ഏജൻസിക്ക് ഇതിൽ ഇടപെടാനാവില്ലെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.