തിരുവനന്തപുരം :നെൽവയൽ ഉടമകൾക്ക് റോയൽറ്റി നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ തൃശൂർ ജില്ലാ പ്ലാനിംഗ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2020-21ലെ ബഡ്ജറ്റിൽ 40 കോടി രൂപയാണ് റോയൽറ്റിക്കായി വകയിരുത്തിയിട്ടുള്ളത്. 2 ലക്ഷം ഹെക്ടർ സ്ഥലത്തിന്റെ ഉടമകൾക്കായിരുക്കും ആദ്യ വർഷം റോയൽറ്റി ലഭിക്കുക. ഹെക്ടറിന് 2000 രൂപ നിരക്കിലാണ് റോയൽറ്റി. നെൽവയലുകൾ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്നവരാണ് റോയൽറ്റിക്ക് അർഹർ. നെൽവയലുകൾ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകൾ ഭൂമി നെൽകൃഷിക്കായി സ്വന്തമായോ മറ്റു കർഷകർ /ഏജൻസികൾ മുഖേനയോ ഉപയോഗപ്പെടുത്തണം. എന്നാൽ വീണ്ടും മൂന്നു വർഷം തുടർച്ചയായി തരിശായി കിടന്നാൽ പിന്നീട് റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കില്ല.