എം.ടി. വാസുദേവൻ നായരുടെ തിരക്കഥകളാണ് ഹരിഹരൻ എന്ന സംവിധായകനെ മറ്റൊരു തലത്തിലേക്കുയർത്തിയത്. എം.ടിയുടെ രചനയിൽ പന്ത്രണ്ട് സിനിമകളാണ് ഹരിഹരൻ സംവിധാനം ചെയ്തത്.നാല് പതിറ്റാണ്ട് മുൻപ് റിലീസായ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലാണ് ഹരിഹരൻ - എം.ടി ടീം ആദ്യമായി ഒന്നിച്ചത്.മധുവും എം.ജി. സോമനും ശ്രീവിദ്യയും അംബികയും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ചിത്രം ശിഥിലമായിപ്പോകുന്ന ദാമ്പത്യ ജീവിതത്തിന്റെ കഥയാണ് പറഞ്ഞത്.
കഥ അതിന്റെ ക്രാഫ്ട് താനേ കണ്ടെത്തുമെന്ന വിശ്വതത്വം ഹരിഹരന്റെ കാര്യത്തിലും സത്യമാകുകയായിരുന്നു. അതുവരെ കോമഡി ചിത്രങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നിയിരുന്ന ഹരിഹരനെ എം.ടിയുടെ കൃതഹസ്തമായ തൂലികയിൽ വിരിഞ്ഞ തിരക്കഥകൾ മറ്റൊരു പാതയിലേക്ക് മാറാൻ പ്രേരകമായി.
എം.ടി തിരക്കഥാ രചനയ്ക്കൊപ്പം ഗാരചനയും നിർവഹിച്ച വളർത്തുമൃഗങ്ങൾ സർക്കസ് കൂടാരത്തിലെ ജീവിതങ്ങൾ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിച്ച ചിത്രമായിരുന്നു. എക്കാലത്തും പ്രസക്തമായ റിയലിസ്റ്റിക് ചിത്രം.
പഞ്ചാഗ്നിയും നഖക്ഷതങ്ങളും വന്നതോടെ ഹരിഹരൻ - എം.ടി -ടീം മലയാളത്തിലെ സുവർണ്ണ കൂട്ടുകെട്ടായി മാറി. സാമാന്യ പ്രേക്ഷകരെയും നിരൂപകരെയും ഇരു ചിത്രങ്ങളും ഒരുപോലെ ആകർഷിച്ചു. തുടർന്നുവന്ന അമൃതം ഗമയയും സംവിധാനത്തിലെ ക്രാഫ്ട് കൊണ്ട് വിസ്മയിപ്പിച്ച സിനിമയാണ്. ആരണ്യകമായിരുന്നു ഇൗ കൂട്ടുകെട്ടിന്റെ അടുത്ത സിനിമ. യഥാർത്ഥ ക്ളാസിക്ക് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. 1989 ൽ റിലീസായ ഒരു വടക്കൻ വീരഗാഥയാണ് എം.ടി - ഹരിഹരൻ ടീമിന്റെ ഏറ്റവും മികച്ച സിനിമയായി ഏവരും വാഴ്ത്തുന്നത്. ജനപ്രീതിയും ബഹുമതികളും വാരിക്കൂട്ടിയ ആ സിനിമയുടെ പേരിൽ മികച്ച സംവിധായകനുള്ള പുരസ്കാരം ഹരിഹരൻ ദേശീയ സംസ്ഥാന സർക്കാരുകൾ നൽകിയില്ലെന്നത് മറ്റൊരു വിരോധാഭാസം.
പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടി, കേരളവർമ്മ പഴശിരാജ എന്നിവയാണ് കൂട്ടുകെട്ടിൽ വന്ന മറ്റ് ചിത്രങ്ങൾ. വേണുനാഗവള്ളിയും സുകുമാരനും അനുരാധയുമൊക്കെ അഭിനയിച്ച എവിടെയോ ഒരു ശത്രു എന്ന ചിത്രം റിലീസായില്ല. ഇൗ സിനിമ വർഷങ്ങൾക്കുശേഷം ഏഴാമത്തെ വരവ് എന്ന പേരിൽ ഇന്ദ്രജിത്തിനെയും വിനീതിനെയും ഭാവനയെയും പ്രധാന കഥാപാത്രങ്ങളാക്കി റീമേക്ക് ചെയ്തു.
ഹരിഹരൻ - എം.ടി ചിത്രങ്ങൾ
1. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച (1979)
2. വളർത്തുമൃഗങ്ങൾ (1981)
3. എവിടെയോ ഒരു ശത്രു (റിലീസായില്ല)
4. വെള്ളം (1988)
5. പഞ്ചാഗ്നി (1988)
6. നഖക്ഷതങ്ങൾ )1988)
7. ആരണ്യകം (1988)
8. ഒരു വടക്കൻ വീരഗാഥ )1989)
9. പരിണയം (1994)
10. എന്ന് സ്വന്തം ജാനകിക്കുട്ടിക്ക് (1998)
11. കേരളവർമ്മ പഴശിരാജ (2009)
12. ഏഴാമത്തെ വരവ് (2013)