court

തിരുവനന്തപുരം: റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെതിരായ പരാതിയിൽ അന്വേഷണത്തിന് അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം സർക്കാരിന്റെ അനുമതി തേടാൻ ഹർജിക്കാരന് വിജിലൻസ് കോടതി നിർദ്ദേശം.ഇതിനായി അടുത്ത മാസം 30 വരെ സമയം അനുവദിച്ചു. മന്ത്രി ജലീൽ കേന്ദ്ര - സംസ്ഥാന സർക്കാർ അനുമതിയില്ലാതെ യു.എ.ഇ കോൺസുലേറ്റിനെ സമീപിച്ച് തന്റെ മണ്ഡലത്തിൽ 1000 റംസാൻ കിറ്റുകൾ വിതരണം ചെയ്യാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതായി ഹർജിയിൽ ആരോപിക്കുന്നു. കിറ്റുകൾക്കൊപ്പം വിതരണം ചെയ്യാൻ വിശുദ്ധ ഖുറാനും ഏൽപ്പിച്ചിരുന്നെങ്കിലും ഖുറാൻ വിതരണം ചെയ്തില്ല.. കിറ്റ് വിതരണത്തിന് സഹായികളായിരുന്ന കൺസ്യൂമർഫെഡ് ചെയർമാൻ മെഹബൂബ്,എം.ഡി വി.എം.മുഹമ്മദ് റഫീഖ് എന്നിവരെയും പ്രതിയാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. എന്നാൽ ,ഇത്തരം ആരോപണങ്ങൾ അന്വേഷിക്കാനാവശ്യമായ ഒരു തെളിവും ഹർജിക്കാരൻ ഹാജരാക്കിയിട്ടില്ലെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ണൻ .എസ്.ചെറുന്നിയൂർ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.