തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ കരാർ ലഭിച്ച യൂണിടാക് നിർമ്മാണ കമ്പനിയുടമ സന്തോഷ് ഈപ്പൻ സ്വപ്നയുടെ നിർദ്ദേശപ്രകാരം വാങ്ങി നൽകിയ ഐഫോണുകൾ പിടിച്ചെടുക്കാൻ വിജിലൻസ് നടപടി തുടങ്ങി. ലൈഫ് കോഴക്കേസിലെ തൊണ്ടിമുതൽ എന്ന നിലയിലാണ് ഫോണുകൾ പിടിച്ചെടുക്കുക. ഈ കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം എത്തുംമുൻപ് ഫോണുകൾ പിടിച്ചെടുക്കാനാണ് നീക്കമെന്ന് അറിയുന്നു.
ഫോൺ കൈവശമുള്ളവർക്ക് വിജിലൻസ് നോട്ടീസ് നൽകും. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ആറു ഫോണുകൾ കൊച്ചിയിൽ നിന്നും ഒരെണ്ണം തിരുവനന്തപുരത്തു നിന്നുമാണ് വാങ്ങിയത്. തിരുവനന്തപുരത്ത് നിന്ന് വാങ്ങിയ വിലകൂടിയ ഫോണാണ് കോൺസുലേറ്റ് ജനറലിന് നൽകിയത്. ഈ ഫോണിന്റെ വിവരങ്ങൾ ലഭ്യമാക്കാൻ ഫോൺ വില്പന നടത്തിയ കടയുടമയ്ക്ക് വിജിലൻസ് നോട്ടീസ് നൽകി. എം.ശിവശങ്കറിന് നൽകിയ ഫോൺ ഇപ്പോൾ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.
യു.എ.ഇ കോൺസുലേറ്റിന്റെ ചടങ്ങിൽ നറുക്കെടുപ്പിലൂടെ ഫോൺ ലഭിച്ച പേയാട് സ്വദേശി പ്രവീണിൽ നിന്ന് വിജിലൻസ് കഴിഞ്ഞ ദിവസം ഫോൺ പിടിച്ചെടുത്തിരുന്നു.കോൺസുലേറ്റിന്റെ ബ്രോഷറുകൾ രൂപകല്പന ചെയ്യുന്നത് പ്രവീണാണ്. മറ്റൊരു ഫോൺ നറുക്കെടുപ്പിലൂടെ ലഭിച്ചത് എയർഅറേബ്യ വിമാനക്കമ്പനിയുടെ മാനേജർ പത്മനാഭ ശർമ്മയ്ക്കാണ്.ഈ ഫോൺ ഇപ്പോൾ കൊല്ലം സ്വദേശിയായ ജിത്തു എന്നയാളുടെ കൈവശമാണുള്ളത്. അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ രാജീവന് ലഭിച്ച ഫോൺ അദ്ദേഹം കഴിഞ്ഞ ദിവസം പൊതുഭരണ വകുപ്പിന് കൈമാറിയിരുന്നു. പൊതുഭരണ വകുപ്പ് ഇത് വിജിലൻസിന് കൈമാറി.